ആരോഗ്യരംഗം കുതിക്കുന്നു, കോവിഡിനെ കൂസാതെ ; കോന്നി മെഡിക്കൽ കോളേജ് നാടിന്‌ സമർപ്പിച്ചു‌



സ്വന്തം ലേഖിക കോവിഡിനെ കൂസാതെ കേരളത്തിന്റെ ആരോഗ്യരംഗത്ത്‌ വൻ കുതിപ്പ്‌. മഹാമാരിക്കെതിരെ പഴുതടച്ച പ്രതിരോധം തീർക്കുന്നതിനൊപ്പം  വികസനലക്ഷ്യങ്ങളും സംസ്ഥാനസർക്കാർ സാക്ഷാൽക്കരിക്കുന്നു. ഏറ്റവുമൊടുവിലായി‌ കോന്നി മെഡിക്കൽ കോളേജും നാടിന്‌ സമർപ്പിച്ചു‌. കോവിഡ്‌കാലത്ത്‌ കമീഷൻ ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ മെഡിക്കൽ കോളേജെന്ന ഖ്യാതിയും കോന്നിക്കാണ്‌.    യുഡിഎഫ് സർക്കാർ പ്രഖ്യാപനത്തിൽ ഒതുക്കിയ കോന്നി മെഡിക്കൽ കോളേജിന്റെ ആദ്യഘട്ടമാണ്‌ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തത്‌. ഒപി വിഭാഗവും ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട, കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയ്ക്കും ശബരിമല തീർഥാടകർക്കും പ്രയോജനപ്പെടും. കാസർകോട്‌ ടാറ്റ ഗ്രൂപ്പുമായി ചേർന്ന്‌ സംസ്ഥാനത്തെ ആദ്യ കോവിഡ്‌ ആശുപത്രി യാഥാർഥ്യമാക്കി.  ഇടുക്കി മെഡിക്കൽ കോളേജിന്റെ 300 കിടക്കയുള്ള ഒപി ബ്ലോക്കും ഉദ്‌ഘാടനം ചെയ്തു. യുഡിഎഫ്‌ സർക്കാർ അടിസ്ഥാന സൗകര്യം  ഒരുക്കാത്ത ആശുപത്രിക്ക്‌ എംസിഐ അംഗീകാരം നഷ്ടമായിരുന്നു. എൽഡിഎഫ്‌ സർക്കാർ മെഡിക്കൽ കോളേജിന്റെ അക്കാദമിക്‌ ബ്ലോക്ക്, ആശുപത്രി, ക്വാർട്ടേഴ്‌സ്, ലാബ് സൗകര്യങ്ങൾ പൂർത്തിയാക്കി. ആർദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 102 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ  കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തി. ഒറ്റ ദിവസം ഇത്രയേറെ കേന്ദ്രങ്ങൾ നാടിന്‌ സമർപ്പിക്കുന്നത്‌ രാജ്യത്തുതന്നെ ആദ്യമാണ്‌.  മലബാർ ക്യാൻസർ സെന്ററിനെ രാജ്യാന്തരനിലവാരത്തിലേക്ക് ഉയർത്താനും സർക്കാർ ശ്രമിക്കുന്നു. 50 കോടിയുടെ പദ്ധതികൾ പൂർത്തിയായി. കുട്ടികളുടെ ചികിത്സാവിഭാഗത്തിനാണ്‌ പ്രത്യേക ഊന്നൽ. എറണാകുളം കളമശേരി സർക്കാർ മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച ആർദ്രം പദ്ധതി, ഐസിയു, പിസിആർ ലാബ്, മോർച്ചറി തുടങ്ങിയ പദ്ധതികളും പൂർത്തീകരിച്ച്‌ ഉദ്‌ഘാടനം ചെയ്തു. Read on deshabhimani.com

Related News