കമ്യൂണിസ്‌റ്റുകാർ വന്നിട്ട്‌ ആരെങ്കിലും തൂങ്ങിച്ചത്തോ: മുഖ്യമന്ത്രി



സ്വന്തം ലേഖകൻ അപവാദപ്രചാരണമല്ല മാധ്യമധർമമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കമ്യൂണിസ്‌റ്റുകാരോട്‌ പണ്ട്‌ വിരോധം ഉണ്ടായിട്ടുണ്ടാകും. കമ്യൂണിസ്‌റ്റുകാർ അധികാരത്തിൽവന്നാൽ തൂങ്ങിച്ചാകുമെന്ന്‌ പറഞ്ഞിട്ടുണ്ടാകും. എത്ര കമ്യൂണിസ്‌റ്റ്‌ സർക്കാരുകൾ വന്നു. ഇവിടെയാരും തൂങ്ങിച്ചാകേണ്ടി വന്നിട്ടില്ലല്ലോ. ഈ വഴി ശരിയല്ല–- സംസ്ഥാന സർക്കാരിനെതിരെ ഒരു പത്രത്തിൽവന്ന വ്യാജവാർത്ത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഏതെല്ലാം വഴികളുണ്ടെന്ന്‌  തേടുന്നുവെന്നതിന്റെ ഉദാഹരണമാണ്‌ ലൈഫ്‌ പദ്ധതിയെക്കുറിച്ച്‌ വന്ന പ്രധാന വാർത്ത. ‘സ്വപ്‌നവാഗ്‌ദാനം ലൈഫ്‌ ചോദിച്ച കമീഷൻ 15 ശതമാനം’ എന്നാണ്‌ തലക്കെട്ട്‌. സാധാരണ വായനക്കാരന്‌ ഇതിൽനിന്ന്‌ എന്താണ്‌ മനസ്സിലാകുക. ഈ പദ്ധതികളുടെ വിവരം റെഡ്‌ക്രസന്റോ കോൺസുലേറ്റോ സർക്കാരിനെ അറിയിച്ചിട്ടില്ല എന്നു വാർത്തയിൽതന്നെ പറയുന്നുണ്ട്‌. ബോധപൂർവം അപവാദം പ്രചരിപ്പിക്കാൻ ഇല്ലാക്കഥകൾ കെട്ടിച്ചമയ്‌ക്കുകയാണ്‌. മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ച്‌ ലോക്കർ തുറന്നതിൽ ഏത്‌ അന്വേഷണമാണ്‌ നടക്കുന്നതെന്ന്‌ മുഖ്യമന്ത്രി ചോദിച്ചു. ബാങ്കിലെ സീനിയർ മാനേജറായി വിരമിച്ച സ്‌ത്രീക്ക്‌ ആ ബാങ്കിൽ  ലോക്കർ ഉണ്ടായിരുന്നത്‌ മഹാ ആശ്‌ചര്യമാണോ. ലോക്കർ തുറന്ന്‌ ഇടപാട്‌ നടത്തിയശേഷം കൈയിലുള്ള ഒരു പവന്റെ മാലയുടെ തൂക്കം നോക്കിച്ചതാണോ വലിയ കുറ്റം. അതിന്റെ തൂക്കം അറിയേണ്ട കാര്യമുണ്ടാകും. അതിലെന്ത്‌ പരാതിയാണ്‌ പറയാൻ പറ്റുക. അതും ഇതുമായി എന്താണ്‌ ബന്ധം. ഇവരുടെ മകൻ സ്വർണക്കടത്ത്‌ കേസ്‌ പ്രതിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സംബന്ധിച്ച്‌ ഏത്‌ ഏജൻസിയാണ്‌ അന്വേഷണം ആരംഭിച്ചത്‌. അന്വേഷണ ഏജൻസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ചില നിക്ഷിപ്‌ത താൽപ്പര്യക്കാർ നടത്തുന്നുണ്ട്‌. അവരിനിയും അത്‌ തുടരും. ആ ജോലി മാധ്യമങ്ങൾ ഏറ്റെടുക്കരുത്‌–- മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News