ലോക റെക്കോഡിനായി ഇന്ന്‌ 
ശ്യാമളൻ പേരെഴുതും



വൈറ്റില കൈയക്ഷരകലയിൽ അന്തർദേശീയ റെക്കോഡുകൾ സ്വന്തമാക്കിയിട്ടുള്ള ശ്യാമളൻ ചളിക്കവട്ടം സ്വാതന്ത്ര്യദിനത്തിൽ ബെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ ലോക റെക്കോഡ്‌ നേടാനായി ഒരുങ്ങുന്നു. പി കെ മാധവൻ സ്‌മാരക ഗ്രന്ഥശാലയിൽ തിങ്കൾ രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെ നടക്കുന്ന പരിപാടി ഡോ. സാജു തുരുത്തിൽ ഉദ്‌ഘാടനം ചെയ്യും. വേദിയിൽ എത്തുന്ന അതിഥികളുടെ പേരുകൾ എട്ടുമണിക്കൂർ തുടർച്ചയായി എഴുതിയാണ് റെക്കോഡ്‌ നേടേണ്ടത്‌. ശ്യാമളൻ സ്വന്തമായി രൂപകൽപ്പന ചെയ്ത ഇംഗ്ലീഷ് അക്ഷരങ്ങളാണ്‌ ഇതിന്‌ ഉപയോഗിക്കുക.  ഡൽഹി പൊലീസ്‌ ഇൻസ്പെക്ടറായി വിരമിച്ച ശ്യാമളൻ കൈയക്ഷരകലയിൽ (കാലിഗ്രാഫി) പ്രശസ്‌തനാണ്‌. ലിംക ബുക്‌ ഓഫ് റെക്കോഡ്സിന്റെ ദേശീയ റെക്കോഡ് 2011, 13, 15, 17 വർഷങ്ങളിൽ നേടി. ഇന്ത്യ സ്റ്റാർ വേൾഡ് റെക്കോഡ് 2017ലും ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോഡ് 2019ലും ലഭിച്ചു. തുടർച്ചയായി 24 മണിക്കൂർ പേരുകൾ എഴുതി ഗിന്നസ് റെക്കോഡ് നേടുകയാണ് ലക്ഷ്യം. Read on deshabhimani.com

Related News