ലക്കി ബിൽ പദ്ധതി നാളെമുതൽ ; രാജ്യത്ത്‌ ആദ്യം ; പാലിക്കപ്പെടുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാ​ഗ്ദാനം



തിരുവനന്തപുരം സർക്കാരിന്‌ ലഭിക്കേണ്ട നികുതി ഉറപ്പാക്കുന്ന നികുതിദായകന്‌ സമ്മാനം നൽകുന്ന ആദ്യ സംസ്ഥാനം കേരളമാകും. ‌ജിഎസ്‌ടിയിലാണ്‌ സംസ്ഥാന നികുതി വകുപ്പ്‌ നൂതന പദ്ധതി നടപ്പാക്കുന്നത്‌. പൊതുജനങ്ങൾക്ക്‌ ലഭിക്കുന്ന ജിഎസ്‌ടി ബില്ലുകളിൽനിന്ന്‌ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുന്ന ലക്കി ബിൽ പദ്ധതി ചൊവ്വാഴ്‌ച നിലവിൽ വരും. തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്‌ഘാടനം ചെയ്യും. ഇതിനായുള്ള മൊബൈൽ ആപ്പും പുറത്തിറക്കും. ജിഎസ്‌ടി രേഖപ്പെടുത്തിയ ഏതു ബില്ലും ഗുണഭോക്താവിന് ലക്കി ബിൽ‌ ആപ്പിലേക്ക്‌ ലോഡ്‌ ചെയ്യാം. ജിഎസ്‌ടി നൽകുന്ന എല്ലാ ബില്ലും ഒരു നികുതിദായകന്‌ ആപ്പിലേക്ക്‌ ലോഡ്‌ ചെയ്യാമെന്നതാണ്‌ പ്രത്യേകത. ആപ്പിൽ ലഭ്യമാകുന്ന ബില്ലുകളുടെ നറുക്കെടുപ്പിലൂടെ പ്രതിദിനം 50 പേർക്ക്‌‌ കുടുംബശ്രീ, വനശ്രീ എന്നിവയുടെ 1000 രൂപ വില വരുന്ന സമ്മാനപ്പൊതിയും പ്രതിവാരം 25 പേർക്ക്‌ കെടിഡിസിയുടെ മൂന്നു പകൽ/ രണ്ടു രാത്രി സൗജന്യ കുടുംബതാമസ സൗകര്യവും ലഭിക്കും. പ്രതിമാസം ഒരാൾക്ക്‌ ഒന്നാംസമ്മാനം 10 ലക്ഷം രൂപയും രണ്ടാംസമ്മാനം അഞ്ചുപേർക്ക്‌ രണ്ടുലക്ഷം രൂപവീതവും മൂന്നാംസമ്മാനം അഞ്ചുപേർക്ക്‌ ഒരുലക്ഷം രൂപവീതവും ലഭിക്കും. വാർഷിക ബമ്പർ സമ്മാനമായി ഒരാൾക്ക്‌ 25  ലക്ഷം രൂപയുമുണ്ടാകും. ലക്കി ബിൽ മൊബൈൽ ആപ് ഗൂഗിൾപ്ലേസ്റ്റോറിൽനിന്നും www.keralataxes.gov.in വെബ്‌സൈറ്റിൽനിന്നും ഇൻസ്റ്റാൾ ചെയ്യാം. പേര്‌, വിലാസം, ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യാം. തുടർന്ന്‌  സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ ‌ലോഡ് ചെയ്യാം.   പാലിക്കപ്പെടുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാ​ഗ്ദാനം എൽഡിഎഫ്‌ സർക്കാരിന്റെ ഒരു തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനം കൂടിയാണ്‌ നടപ്പാകുന്നത്‌. പൊതുജനങ്ങളുടെ ജിഎസ്‌ടി ഇൻവോയിസുകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്നവയ്‌ക്ക്‌ ആകർഷകമായ സമ്മാനങ്ങൾ ഉറപ്പാക്കുന്ന ലക്കി ബിൽ പദ്ധതിക്ക്‌ ഈവർഷം ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തി ലക്കി ബിൽ സ്‌കീം പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക്‌ സാധനങ്ങൾക്കും സേവനങ്ങൾക്കും കിട്ടുന്ന ബില്ലുകൾ നേരിട്ട് ജിഎസ്‌ടി വകുപ്പിന് ലഭ്യമാക്കാൻ ലക്കി ബിൽ ആപ് സഹായിക്കും. ബിൽ ചോദിച്ചു വാങ്ങാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതിന്‌ സമ്മാന പദ്ധതി സഹായിക്കും. കൃത്യമായ ബിൽ നൽകാൻ വ്യാപാരികൾ നിർബന്ധിതമാകുന്നതിലൂടെ ജനങ്ങളിൽനിന്ന്‌ ഈടാക്കുന്ന നികുതി പൂർണമായും സർക്കാരിലേക്ക് എത്തുന്നുവെന്ന്‌ ഉറപ്പിക്കാനുമാകും. Read on deshabhimani.com

Related News