608 രോഗികൾ ; വ്യാപനം രൂക്ഷം ; സമ്പർക്കം വഴി 396 പേർക്ക്‌



തിരുവനന്തപുരം സംസ്ഥാനത്ത്‌ ആശങ്കയുയർത്തി കോവിഡ്‌ വ്യാപനം രൂക്ഷം. ചൊവ്വാഴ്‌ച 608 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 396 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല. വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിലെ പ്രവർത്തനങ്ങളെ സഹായിക്കാൻ 14 ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ്‌, റിവേഴ്സ് ക്വാറന്റൈൻ സെന്ററുകൾ ഒരുക്കുന്നതിനടക്കം കലക്ടർമാരെ ഇവർ സഹായിക്കും. 130 പേർ വിദേശത്തുനിന്നും 68 പേർ മറ്റു  സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്‌. എട്ട്‌ ആരോഗ്യപ്രവർത്തകർക്കും ബിഎസ്എഫ് (ഒന്ന്‌), ഐടിബിപി (രണ്ട്‌), സിഐഎസ്എഫ് (2) സേനാംഗങ്ങൾക്കും രോഗം ബാധിച്ചു. തിരുവനന്തപുരത്തുമാത്രം 201 പേർക്ക്‌ സ്ഥിരീകരിച്ചു. 158 പേർക്കും സമ്പർക്കംമൂലമാണ്. സൗദി അറേബ്യയിൽനിന്ന് എത്തിയ ആലപ്പുഴ ചുനക്കരയിലെ നസീർ ഉസ്മാൻകുട്ടി (47) മരിച്ചു. കൂടുതൽ ഗുരുതരവും ആശങ്കാജനകവുമായ സാഹചര്യമാണെന്നും സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്ക് പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാലു ഘട്ടമാണുള്ളത്. കേരളം മൂന്നാംഘട്ടത്തിലെത്തിനിൽക്കുകയാണ്‌.  അടുത്ത ഘട്ടമായ സമൂഹവ്യാപനം തടയാൻ കൂടുതൽ ജാഗ്രത പുലർത്താൻ മുഖ്യമന്ത്രി അഭ്യർഥിച്ചു. ഇതുവരെയുള്ള ഏറ്റവും വലിയ കണക്കാണ്‌ ചൊവ്വാഴ്‌ചത്തേത്‌. എറണാകുളം –- 70, മലപ്പുറം–- 58, കോഴിക്കോട്–- 58, കാസർകോട്–- 44, തൃശൂർ–- 42, ആലപ്പുഴ–- 34, പാലക്കാട്–- 26, കോട്ടയം–- 25, കൊല്ലം–- 23, വയനാട്–- 12, കണ്ണൂർ–- 12, പത്തനംതിട്ട–- മൂന്ന്‌ എന്നിങ്ങനെയാണ്‌ പോസിറ്റീവായവരുടെ എണ്ണം. 181 പേർ രോഗമുക്തരായി.  ചൊവ്വാഴ്‌ച 720 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 8930 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 4454 പേർ‌ ചികിത്സയിലുണ്ട്‌. ചൊവ്വാഴ്‌ച 14,227 സാമ്പിൾ പരിശോധിച്ചു.  ഹോട്ട്സ്പോട്ടുകളുടെ എണ്ണം 227 ആയി. Read on deshabhimani.com

Related News