ഇശൽ വിശപ്പകറ്റില്ല ; സിദ്ദിഖ്‌ തേങ്ങവിൽപ്പനയിലാണ്‌



പെരുമ്പാവൂർ ഉപജീവനത്തിനായി‌ തെരുവിലിറങ്ങാൻ ആകാശവാണി ബി ഗ്രേഡ് ആർട്ടിസ്റ്റ്  പദവിയൊന്നും സിദ്ദിഖിന്‌ തടസ്സമായില്ല. സ്‌കൂൾ കലോത്സവ വേദികളിലെ ഈ മാപ്പിളപ്പാട്ട്‌ ഗുരു ഇന്ന്‌ തെരുവിൽ തേങ്ങവിൽപ്പനയിലാണ്‌. കണ്ടന്തറ കാരോത്തുകുടി അബ്ദുള്ളയുടെ മകൻ സിദ്ദിഖ്‌ കോവിഡ്‌ പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയപ്പോഴാണ്‌ ഇശലുകൾ മറന്ന്‌ ‌തേങ്ങക്കച്ചവടക്കാരനായത്‌. വീടുകൾ കയറിയിറങ്ങി വാങ്ങുന്ന തേങ്ങ ആക്‌ടിവ സ്‌കൂട്ടറിന്റെ പിൻസീറ്റിലെ പെട്ടിയിൽ നിറച്ച്‌ പുലർച്ചെ പെരുമ്പാവൂർ ടൗണിലെത്തും. പെട്ടി കാലിയായശേഷം മാത്രമാണ്‌ ടൗണിൽനിന്ന്‌ മടക്കം. പതിനെട്ടാം വയസ്സിൽ ആകാശവാണി ബി ഗ്രേഡ് ആർട്ടിസ്റ്റായ ഇദ്ദേഹം കല ഉപജീവനമാക്കി കുടുംബത്തിന്റെ പട്ടിണിയകറ്റുന്നതിനിടെയാണ്‌ മഹാമാരി ചതിച്ചത്‌. കലോത്സവങ്ങളിൽ വിദ്യാർഥികളെ മാപ്പിളപ്പാട്ട് പരിശീലിപ്പിച്ച്‌  കിട്ടുന്ന തുകയാണ്‌ പ്രധാന വരുമാനം. സംസ്ഥാനതലത്തിൽ വിജയം കൈവരിച്ച ശിഷ്യഗണങ്ങളുണ്ട് സിദ്ദിഖിന്. പരിശീലനത്തിന്റെ ഇടവേളകളിൽ വിദ്യാർഥികൾക്ക്‌ ആവശ്യമായ പുസ്തകങ്ങളുടെ വിതരണവും നടത്തിയിരുന്നു.  ഇത്തവണത്തെ സ്‌കൂൾ കലോത്സവം കൊറോണയുടെ നിഴലിലായതോടെ ജീവിതം വഴിമുട്ടി. പുസ്‌തകവിൽപ്പനയും നിലച്ചു. വിവാഹാഘോഷങ്ങൾക്ക് തിളക്കമേകാൻ വധൂവരന്മാർക്ക് ആശംസകൾ നേർന്ന് ഇമ്പമാർന്ന ഗാനങ്ങൾ തയ്യാറാക്കി നൽകുമ്പോൾ ലഭിച്ചിരുന്ന വരുമാനവും കൊറോണക്കാലം ഇല്ലാതാക്കി. രോഗിയായ ബാപ്പയും വൃദ്ധയായ ഉമ്മയും രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം പോറ്റാൻ മറ്റു വഴികൾ കണ്ടില്ല. മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകലാ അക്കാദമിയും സാംസ്‌കാരികവകുപ്പും സംയുക്തമായി ഓൺലൈനിൽ സംഘടിപ്പിച്ച മാപ്പിളപ്പാട്ടുമത്സരത്തിൽ പൊതുവിഭാഗത്തിൽ ഒന്നാംസ്ഥാനം സിദ്ദിഖിന് ലഭിച്ചിരുന്നു. ആകാശവാണിയിലെ ബി ഗ്രേഡ് കലാകാരൻ എന്ന പരിഗണനയിൽ സംസ്ഥാന സർക്കാരിന്റെ സഹായം കഴിഞ്ഞ രണ്ടുമാസവും ലഭിച്ചത് ഏറെ ആശ്വാസമായെന്ന്‌ സിദ്ദിഖ്‌ പറയുന്നു. പ്രതിസന്ധി തീരുംവരെ തേങ്ങക്കച്ചവടം തുടരാനാണ്‌ തീരുമാനം. Read on deshabhimani.com

Related News