നേതൃമാറ്റം വേണമെന്ന്‌ എതിർചേരി ; ജനറൽ സെക്രട്ടറിമാരെ മാറ്റാൻ കെ സുരേന്ദ്രൻ



തിരുവനന്തപുരം കർണാടക തെരഞ്ഞെടുപ്പ്‌ തിരിച്ചടിയെ തുടർന്ന്‌ കേരള ബിജെപിയിലും നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകുന്നു. കെ സുരേന്ദ്രൻ അധ്യക്ഷപദവിയിൽ മൂന്നുവർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ്‌ എതിർപക്ഷത്തിന്റെ നീക്കം. അധ്യക്ഷപദവിയിൽ രണ്ടാമൂഴത്തിന്‌ തയ്യാറെടുക്കുന്ന കെ സുരേന്ദ്രൻ തന്റെ ടീമിനെ ശക്തിപ്പെടുത്താൻ നീക്കം തുടങ്ങി. എ നാഗേഷ്‌ (തൃശൂർ), വി വി രാജേഷ്‌ എന്നിവരെ സംസ്ഥാന ജനറൽ സെക്രട്ടറിമാരാക്കാനാണ്‌ നീക്കം. കർണാടകത്തിന്റെ സ്ഥാനാർഥിപ്പട്ടിക ഉൾപ്പെടെ നിശ്‌ചയിച്ച ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിനെതിരെ അവിടത്തെ നേതാക്കൾ ആക്രമണം ആരംഭിച്ചുകഴിഞ്ഞു. എട്ടുവർഷമായി കേരളത്തിന്റെ ചുമതലയുള്ള സന്തോഷ്‌, അനുയായികൾക്കുമാത്രം പദവികൾ നൽകുന്നുവെന്നാണ്‌ ആക്ഷേപം. വി മുരളീധരൻ, കെ സുരേന്ദ്രൻ തുടങ്ങിയവർ ബി എൽ സന്തോഷിന്റെ പക്ഷക്കാരാണ്‌. ഈ കൂട്ടുകെട്ടിന്‌ കേരളത്തിൽ മുന്നേറ്റമുണ്ടാക്കാൻ ആകുന്നില്ല എന്നാണ്‌ മറുപക്ഷത്തിന്റെ ആരോപണം. കർണാടകത്തിലെ അവസരം മുതലെടുത്ത്‌, കേരളത്തിന്റെ ചുമതലയിൽനിന്ന്‌ സന്തോഷിനെ നീക്കണമെന്ന ആവശ്യം ദേശീയ നേതൃത്വത്തിനു മുന്നിൽ അവതരിപ്പിക്കാനും സുരേന്ദ്രൻവിരുദ്ധ ചേരി ശ്രമിച്ചേക്കും. തുടർച്ചയായ തെരഞ്ഞെടുപ്പു തോൽവികളും പാർടിക്ക്‌ നാണക്കേടുണ്ടാക്കിയ കേസുകളും ഏൽപ്പിച്ച ആഘാതത്തിൽനിന്ന്‌ കരകയറാൻ പുതിയ അധ്യക്ഷനെ നിയോഗിച്ച്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ തയ്യാറാകണമെന്നാണ്‌ വിമതപക്ഷത്തിന്റെ ആവശ്യം. Read on deshabhimani.com

Related News