തൃക്കാക്കര തിരിച്ചുപിടിക്കണം



കൊച്ചി ‘തൃക്കാക്കര തിരിച്ചുപിടിക്കണം, കഴിഞ്ഞതവണ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ഇത്തവണ ഡോക്ടർ അത്‌ യാഥാർഥ്യമാക്കണം.’ വൈറ്റില ഷൈൻ റോഡ്‌ സ്‌കൈലൈൻ എബണി വുഡ്‌സിലെത്തിയ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിനോട്‌ വീട്ടമ്മയായ റാണി അലക്‌സ്‌ മനസ്സ്‌ തുറന്നു. ഭർത്താവ്‌ സലാലയിൽ ഡോക്ടറായ അലക്‌സ്‌ ജേക്കബ്ബും തൃക്കാക്കരയിലെ മുൻ സ്ഥാനാർഥി ഡോ. ജെ ജേക്കബ്ബും അടുത്ത സുഹൃത്തുക്കളാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വിജയം ആഗ്രഹിച്ചെങ്കിലും നടന്നില്ലെന്നും റാണി. എബണി വുഡ്‌സിലെ മറ്റ്‌ വീടുകളിലേക്ക്‌ സ്ഥാനാർഥിയെ കൊണ്ടുപോകാനും ഇവർ മുന്നിട്ടിറങ്ങി. ഇത്തവണ ഉറപ്പായും ജയിക്കുമെന്ന്‌ ആശംസിച്ചാണ്‌ റാണി യാത്രയാക്കിയത്‌. ശനിയാഴ്‌ച തൈക്കൂടത്തുനിന്ന്‌ പര്യടനം ആരംഭിച്ച ഡോക്ടർ, സെന്റ് റാഫേൽസ് പള്ളിയിലെത്തി ആദ്യകുർബാന ചടങ്ങുകൾ കഴിഞ്ഞിറങ്ങുന്നവരോട് വോട്ടും പിന്തുണയും അഭ്യർഥിച്ചു. ജൈവകൃഷി ചെയ്യുന്ന പള്ളിയിലെ അംഗങ്ങൾക്ക് ആശംസ അർപ്പിച്ചശേഷം മണ്ഡലത്തിൽ ജൈവകൃഷി സജീവമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ചർച്ച ചെയ്തു. പരിസരത്തെ വീടുകളിലും കടകളിലും വോട്ട്‌ അഭ്യർഥിച്ചു. പര്യടനത്തിനിടയിൽ തൈക്കൂടം സെന്റ് ആന്റണീസ് റോഡിലെ ഡോ. തോമസ് മൂഴയിലിനെ അദ്ദേഹം പരിശോധിച്ചു. മരുന്നുകളിൽ ആവശ്യമായ മാറ്റങ്ങളും നിർദേശിച്ചു. ഇതിനിടെ ആം ആദ്‌മിയുടെ പിന്തുണയുണ്ടോ എന്ന ചാനലുകാരുടെ ചോദ്യത്തിന്‌, എല്ലാ ആദ്‌മിയും കൂടെയുണ്ടെന്ന്‌ കുറിക്കുകൊള്ളുന്ന മറുപടിയും നൽകി. തൈക്കൂടത്ത്‌ താമസിക്കുന്ന സുഹൃത്തും മെഡിക്കൽ എൻട്രൻസ്‌ സഹപാഠിയുമായ ഡോ. വിനീത്‌ വിശ്വത്തിന്റെ വീട്ടിലെത്തി. ആസ്‌റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടറായ വിനീതിന്റെ മാതാപിതാക്കൾ ഡോ. ടി എൻ വിശ്വംഭരനെയും വിജയാംബാളിനെയും സന്ദർശിച്ചു. ഉച്ചയോടെ ജനതാ ജങ്‌ഷനിലെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമെത്തി. വെണ്ണലയിലെ മരിയസദൻ കോൺവന്റിലെത്തി സിസ്റ്റർമാരോട് പിന്തുണ തേടി. ഡോക്ടർക്ക് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മദർ സുപ്പീരിയറും സിസ്റ്റർമാരും ഉറപ്പുനൽകി. അഞ്ച്‌ ലോക്കൽ കൺവൻഷനുകളിലും സ്ഥാനാർഥി പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ തെരഞ്ഞെടുപ്പുയോഗങ്ങളിൽ പങ്കെടുത്തു. മന്ത്രിമാരായ എം വി ഗോവിന്ദൻ, വി എൻ വാസവൻ, ‌വി ശിവൻകുട്ടി‌, പി രാജീവ്‌, പി എ മുഹമ്മദ്‌ റിയാസ്‌, ആർ ബിന്ദു, വീണാ ജോർജ്‌  എന്നിവര്‍ വിവിധയിടങ്ങളിൽ സ്ഥാനാർഥിക്കായി എത്തി. Read on deshabhimani.com

Related News