പെൺകുട്ടിയെ അപമാനിച്ചിട്ടില്ല; 
ന്യായീകരിച്ച്‌ സമസ്‌ത



കോഴിക്കോട്‌ സമസ്‌തയുടെ ചടങ്ങിൽ പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്ന്‌ നേതാക്കൾ. പുരസ്‌കാരം സ്വീകരിക്കാനെത്തിയ പത്താം ക്ലാസുകാരിയെ വിലക്കിയ സംഭവത്തെ ന്യായീകരിച്ചാണ്‌ സമസ്‌ത നേതാക്കളുടെ വിശദീകരണം. പെൺകുട്ടിക്ക്‌ ലജ്ജയുണ്ടാകുമെന്ന്‌ കരുതിയാണ്‌ ചടങ്ങിൽനിന്ന്‌ മാറ്റിയത്‌. കുട്ടി വന്ന്‌ പുരസ്‌കാരം വാങ്ങിയിട്ടുണ്ട്‌.  ഇക്കാര്യത്തിൽ പെൺകുട്ടിക്കും കുടുംബത്തിനും പരാതിയില്ല. മുതിർന്ന പെൺകുട്ടികളെ വേദിയിൽ ആദരിക്കുന്ന നിലപാട്‌ സമസ്‌തക്കില്ല. സ്‌ത്രീകളും പുരുഷന്മാരും ഒന്നിച്ച്‌ വേദി പങ്കിടുന്ന രീതിയുമില്ല. രക്ഷിതാക്കളെ വേദിയിലേക്ക്‌ വിളിച്ചാണ്‌ ആദരിക്കുക. പൊതുവേദിയിൽ വരുന്നതിന്‌ സമസ്‌തക്ക്‌ ചില മാനദണ്ഡങ്ങളുണ്ട്‌. അതിന്റെ അതിർവരമ്പിനകത്ത്‌ നിന്നേ പ്രവർത്തിക്കാൻ പറ്റൂ. ബാലാവകാശ കമീഷൻ കേസ്‌ സ്വാഭാവികമാണ്‌. ഇതേച്ചൊല്ലിയുള്ള വിവാദങ്ങളിൽ കഴമ്പില്ല–-സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) പ്രസിഡന്റ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാർ, വിദ്യാഭ്യാസ ബോർഡ്‌ സെക്രട്ടറി  എം ടി അബ്ദുള്ള മുസ്ല്യാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം പെരിന്തൽമണ്ണയിൽ പനങ്ങാങ്ങരക്കടുത്ത്‌ മദ്രസാ വാർഷികാഘോഷ ചടങ്ങിലായിരുന്നു വിമർശനമുയർത്തിയ സംഭവം. അനുമോദനം സ്വീകരിക്കാൻ പെൺകുട്ടി വേദിയിലെത്തിയപ്പോൾ അബ്ദുള്ള മുസ്ല്യാർ സംഘാടകരെ ശകാരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യം പരന്നതോടെ സ്‌ത്രീവിരുദ്ധ നിലപാട്‌ വലിയതോതിൽ ചർച്ചയായി. Read on deshabhimani.com

Related News