വിജയമധുരം ആസ്വദിക്കുംമുമ്പേ അമേയ വിടവാങ്ങി

ഒപ്പനയ്‌ക്കുമുമ്പ്‌ അമേയ ഗ്രീൻറൂമിനുമുന്നിൽ


കാലടി കലോത്സവവേദിയിലെ വിജയമധുരം ആസ്വദിക്കുംമുമ്പേ അമേയ വിടവാങ്ങി. പാഞ്ഞെത്തിയ മിനിലോറി അമേയയുടെ ജീവൻ കവരുമ്പോഴും കാലടി സംസ്കൃത സർവകലാശാലയിലെ വിജയാഘോഷത്തിന്‌ തിരശ്ശീല വീണിരുന്നില്ല. കലോത്സവത്തിൽ ഒപ്പനയിൽ ഒന്നാംസ്ഥാനവും മാർഗംകളിയിൽ രണ്ടാംസ്ഥാനവും നേടിയ പയ്യന്നൂർ സെന്റർ സംഘത്തിലെ അംഗമായിരുന്നു അമേയ. പയ്യന്നൂർ കോളേജിലെ സംസ്കൃതം അവസാനവർഷ വിദ്യാർഥിനിയായ അമേയ, കലോത്സവം തീരുംമുമ്പേയാണ്‌ വടകരയിലേക്ക്‌ മടങ്ങിയത്‌. പുലർച്ചെ ഒന്നോടെ സഹപാഠികളായ എട്ടുപേർ കാലടിയിൽനിന്ന്‌ അങ്കമാലിയിൽ എത്തി. വടകരയ്ക്ക്‌ ബസ്‌ കയറാൻ കെഎസ്‌ആർടിസി സ്റ്റാൻഡിലേക്ക്‌ നടക്കുന്നതിനിടെയാണ്‌ കുതിച്ചെത്തിയ മിനിലോറി അമേയയെയും സുഹൃത്തുക്കളെയും ഇടിച്ചത്‌. റോഡിലേക്ക്‌ തെറിച്ചുവീണ അമേയയുടെ ശരീരത്തിലൂടെ പിന്നാലെ പാഞ്ഞെത്തിയ കാർ കയറിയിറങ്ങുകയും സംഭവസ്ഥലത്തുതന്നെ മരിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ അങ്കമാലിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമികചികിത്സ നൽകി വിട്ടയച്ചു. അമേയയുടെ മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക്‌ വിട്ടുനൽകി. ശനി രാത്രിയോടെ വടകരയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മൃതദേഹത്തിനൊപ്പം കാലടി സെന്ററിലെ വിദ്യാർഥികളും അധ്യാപകരും വടകരയിലെ വീട്ടിലെത്തി. Read on deshabhimani.com

Related News