കുടുംബശ്രീ രജതജൂബിലി ആഘോഷം നാളെ ; രാഷ്‌ട്രപതി ദ്രൗപദി മുർമു ആദ്യമായി തലസ്ഥാനത്ത്‌



തിരുവനന്തപുരം സ്‌ത്രീശക്തിയുടെ കേരള മോഡലായ "കുടുംബശ്രീ'യുടെ രജതജൂബിലി ആഘോഷത്തിന്‌ വെള്ളിയാഴ്‌ച തലസ്ഥാനം വേദിയാകും. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ്‌ രാഷ്‌ട്രപതി ദ്രൗപദി മുർമു ഉദ്‌ഘാടനം ചെയ്യും. പകൽ 11.45ന് എത്തുന്ന രാഷ്ട്രപതിയെ പൗരാവലിക്കുവേണ്ടി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. കുടുംബശ്രീയുടെ തുടക്കംമുതലുള്ള സിഡിഎസ് ഭരണ സമിതി അംഗങ്ങളായ അഞ്ചു ലക്ഷംപേർ ചേർന്ന് കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന "രചന'യുടെ ലോഗോ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. "ചുവട്', "കുടുംബശ്രീ @25' പുസ്തകത്തിന്റെ പ്രകാശനം ഗവർണർ നിർവഹിക്കും. പട്ടികവർഗ വിഭാഗത്തിൽപെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള "ഉന്നതി' പദ്ധതിയുടെ ഉദ്ഘാടനവും രാഷ്ട്രപതി നിർവഹിക്കും. ഐടിവകുപ്പിന്റെ നേതൃത്വത്തിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഡിപ്ലോമ, എൻജിനിയറിങ്‌ ടെക്നിക്കൽ ബുക്കുകളുടെ ആദ്യ കോപ്പി കേരള സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ രാഷ്ട്രപതിക്ക് നൽകും. തുടർന്ന്‌ "പ്രാദേശിക സാമ്പത്തിക വികസനത്തിൽ സ്ത്രീകൂട്ടായ്മയുടെ പങ്ക്' എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. വൈകിട്ട്‌ 4.30 മുതൽ കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടിയും ഗായിക ഗായത്രി അശോകിന്റെ ഗസൽ സന്ധ്യയും അരങ്ങേറും. Read on deshabhimani.com

Related News