സംസ്ഥാനവ്യാപകമായി തൊഴിൽവകുപ്പ്‌ റെയ്‌ഡ്‌ ; മുത്തൂറ്റ്‌ സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തി



കൊച്ചി മുത്തൂറ്റ് ഫിനാൻസ് സ്ഥാപനങ്ങൾ തൊഴിൽനിയമം ഉൾപ്പെടെ ലംഘിച്ചാണ്‌ പ്രവർത്തിക്കുന്നതെന്ന്‌, സംസ്ഥാനവ്യാപകമായി മുത്തൂറ്റ്‌ സ്ഥാപനങ്ങളിൽ തൊഴിൽവകുപ്പ്‌ നടത്തിയ പരിശോധനയിൽ കണ്ടെത്തി. അഡീഷണൽ ലേബർ കമീഷണറുടെ (എൻഫോഴ്സ്‌മെന്റ്)- നേതൃത്വത്തിൽ റീജണൽ ജോയിന്റ് ലേബർ കമീഷണർ, ജില്ലാ ലേബർ ഓഫീസർ എന്നിവരുടെ സ്‌ക്വാഡാണ്‌ സ്ഥാപനങ്ങൾ പരിശോധിച്ചത്‌. സംസ്ഥാനത്ത്‌ മുത്തൂറ്റിന്റെ 354 സ്ഥാപനങ്ങളിലെ 1358 ജീവനക്കാരെ തൊഴിൽവകുപ്പ്‌ ഉദ്യോഗസ്ഥർ നേരിൽ കണ്ട്‌ തെളിവെടുത്തു. ഇതിൽ 463 പേർക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ ആൻഡ്‌ ഫെസ്റ്റിവെൽ ഹോളിഡെയ്സ് നിയമം എന്നിവ ലംഘിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. കേരള ഷോപ്സ് ആൻഡ്‌  കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം, മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് നിയമം എന്നിവയുടെ ലംഘനവും കണ്ടെത്തി. വേതനസുരക്ഷാ പദ്ധതിയിൽ അംഗമായിട്ടില്ലാത്ത സ്ഥാപനങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. നിയമലംഘനങ്ങൾ പരിഹരിക്കാൻ കർശന നിർദേശം നൽകി. ലംഘനങ്ങൾക്കെതിരെ നിയമാനുസൃത തുടർനടപടികൾ സ്വീകരിക്കും. Read on deshabhimani.com

Related News