പിആർ ഏജന്റ്‌ മഹിളാമോർച്ച സെക്രട്ടറി; മുരളീധരനെതിരെ വിമർശനം



കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ഓഫീസിൽ സ്ഥിരംസാന്നിധ്യമായ യുവതിയെ മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി പദവിയിൽ കെട്ടിയിറക്കിയതായി ആക്ഷേപം. മന്ത്രിയുടെ ഡൽഹിയിലെ ചടങ്ങുകളിലും  സ്ഥിരം സാന്നിധ്യമായ ഇവരെ മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യനാണ്‌ മാർച്ച്‌ 22 ന്‌ നിയമിച്ച്‌ വാർത്താക്കുറിപ്പിറക്കിയത്‌. ഇതിനെതിരെ ബിജെപിയിലും മഹിളാമോർച്ചയിലും എതിർപ്പ്‌ ഉയർന്നു‌. ഡൽഹിയിൽ സ്വകാര്യ കമ്പനിയുടെ പിആർ ഏജന്റാണ്‌‌ യുവതിയെന്നും രാഷ്ട്രീയ പാരമ്പര്യമില്ലെന്നുമാണ്‌‌ മഹിളാമോർച്ചക്കാരുടെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി നേതൃത്വത്തിന്‌ പരാതി പ്രവഹിക്കുകയാണ്‌‌. ഡൽഹിയിൽ ബിജെപി ഉന്നത നേതാക്കളുമായും അടുത്ത ബന്ധമാണ്‌ ഇവർക്കുള്ളത്‌. കേന്ദ്രമന്ത്രിമാരുടെ ഓഫീസുകളിൽ പരിശോധന  കൂടാതെ കയറാൻ ഇവർക്ക്‌ കഴിയുന്നത്‌ അത്ഭുതകരമാണെന്ന്‌ ബിജെപിയിലെ മുരളീധരവിരുദ്ധ വിഭാഗം ആരോപിക്കുന്നു.‌ ബിജെപി സംസ്ഥാന ഘടകത്തിലും ഇത്‌ ചർച്ചയായി. കഴിഞ്ഞ സംസ്ഥാനസമിതി യോഗത്തിൽ മുരളീധരൻ വിരുദ്ധ വിഭാഗം പ്രശ്‌നം ഉന്നയിച്ചെങ്കിലും മറുപടിയുണ്ടായില്ല. യോഗത്തിൽ ഓൺലൈനിൽ പങ്കെടുത്ത മുരളീധരൻ മൗനം പാലിച്ചത്‌ സംശയം വർധിപ്പിക്കുന്നതാണെന്നും ആക്ഷേപമുയർന്നു. Read on deshabhimani.com

Related News