51 ക്ലസ്‌റ്റർ; 4 ജില്ലയിൽ അതീവ ശ്രദ്ധ ; 64.44 ശതമാനവും വന്നത്‌ റെഡ്സോണിൽനിന്ന്‌



സ്വന്തം ലേഖിക കോവിഡ്‌ അതിവ്യാപന ഘട്ടത്തിൽ ആലപ്പുഴ, കണ്ണൂർ, പാലക്കാട്‌, തൃശൂർ ജില്ലകളിൽ കൂടുതൽ ക്ലസ്‌റ്ററുകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌. ഈ പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും‌ വകുപ്പ് നിർദേശിച്ചു‌. സംസ്ഥാനത്ത്‌ ഇതുവരെ 51 ക്ലസ്‌റ്ററുകൾ രൂപപ്പെട്ടെന്ന്‌ ആരോഗ്യവകുപ്പിന്റെ കോവിഡ്‌ ക്ലസ്‌റ്റർ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം പൂന്തുറ, മലപ്പുറം പൊന്നാനി എന്നിവ മാത്രമാണ്‌ വലിയ ക്ലസ്‌റ്ററുകൾ. ഇവിടങ്ങളിൽ സമ്പർക്കത്തിലൂടെ അമ്പതിലധികം പേർക്ക്‌ രോഗപ്പകർച്ചയുണ്ടായി. 15 ക്ലസ്‌റ്ററുകളിൽ രോഗം നിയന്ത്രണ വിധേയമാണ്‌‌. തിരുവനന്തപുരത്ത്‌ പൂന്തുറ, ആറ്റുകാൽ, പുത്തൻപള്ളി, മണക്കാട്‌, മുട്ടത്തറ, പാളയം എന്നിവിടങ്ങളിലായി ആറ് ക്ലസ്‌റ്റർ രൂപപ്പെട്ടു‌. മറ്റ്‌ ജില്ലകളിൽ രൂപപ്പെട്ട ക്ലസ്റ്ററുകൾ: കൊല്ലം–- 11, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം–- നാലുവീതം‌, മലപ്പുറം–- മൂന്ന്‌, കോട്ടയം, ഇടുക്കി, കണ്ണൂർ, വയനാട്‌ –- രണ്ടുവീതം, കോഴിക്കോട്‌, കാസർകോട്‌–- ഒന്നുവീതം. തൃശൂരിൽ  അഞ്ച്‌ ഇൻസ്റ്റി‌റ്റ്യൂഷണൽ ക്ലസ്‌റ്റർ രൂപപ്പെട്ടു. ആശുപത്രി, ഓഫീസുകൾ കേന്ദ്രീകരിച്ചാണ്‌ രോഗപ്പകർച്ച. കോർപറേഷൻ ഓഫീസ്‌, വെയർഹൗസ്‌ എന്നിവിടങ്ങളിൽ നിയന്ത്രണ നടപടി ഇപ്പോഴും തുടരുന്നു. തൃശൂർ കെഎസ്‌ഇ ലിമിറ്റഡ്‌ ഉൾപ്പെടെ സംസ്ഥാനത്ത്‌  നാലിടങ്ങളിൽ തിങ്കളാഴ്‌ച പുതിയ ക്ലസ്റ്റർ രൂപപ്പെട്ടു. തിരുവനന്തപുരം മലപ്പുറം ജില്ലകളിലെ ക്ലസ്‌റ്ററുകളിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർക്ക്‌ രോഗം സ്ഥിരീകരിക്കാം‌. ഇവിടെ താരതമ്യേന വ്യാപനം കൂടുതലാണെന്നും‌ ആരോഗ്യ വകുപ്പ്‌ വിലയിരുത്തുന്നു. പുതിയ ക്ലസ്‌റ്ററുകൾ രൂപപ്പെടുന്നുണ്ട്‌. കണ്ണൂർ സിഐഎസ്‌എഫ്‌, ഡിഎസ്‌‌സി ക്യാമ്പുകൾ കേന്ദ്രീകരിച്ച്‌ നിരീക്ഷണം ശക്തമാക്കണം. ആലപ്പുഴ നൂറനാട്‌ ഇന്തോ–-തിബറ്റൻ ഫോഴ്‌സ്‌ ക്യാമ്പിൽ കൂടുതൽ പേരിലേക്ക്‌ രോഗം പടർന്നേക്കാമെന്നും തൃശൂർ കടലോര മേഖലയിൽ നിരീക്ഷണം ശക്തമാക്കണമെന്നും റിപ്പോർട്ടിലുണ്ട്‌. ഇപ്പോഴും പുതിയ രോഗികളുണ്ടാകുന്ന ക്ലസ്‌റ്ററുകളിൽ അതിവേഗ ഇടപെടലിലൂടെ വ്യാപനത്തിന്റെ കണ്ണി പൊട്ടിക്കാനുള്ള ശ്രമത്തിലാണ്‌ ആരോഗ്യ വകുപ്പ്‌. ബോധവൽക്കരണം ശക്തമാക്കും. ചെറുലക്ഷണങ്ങളുള്ളവരെ ചികിത്സിക്കാൻ പ്രാദേശികമായി ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്റർ സ്ഥാപിക്കും. 64.44 ശതമാനവും വന്നത്‌ റെഡ്സോണിൽനിന്ന്‌ ലോക്‌ഡൗൺ ഇളവുകൾക്ക്‌ ശേഷം മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തിയവരിൽ 64.44 ശതമാനം പേരും വന്നത്‌ റെഡ്സോൺ ജില്ലകളിൽനിന്ന്‌. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആകെ 3,49,610 പേരാണ്‌ എത്തിയത്‌. വിദേശത്തുനിന്ന്‌ 2,10,624 പേരുമെത്തി. ആകെ  5,60,234. മറ്റു സംസ്ഥാനങ്ങളിൽനിന്നും 65.11 ശതമാനം പേരാണ് റോഡ് വഴി കേരളത്തിൽ എത്തിയത്. 19.7 ശതമാനം പേർ വിമാനത്തിലും  14.43 ശതമാനം പേർ ട്രെയിൻ മാർഗവും എത്തി. 54 രാജ്യങ്ങളിൽനിന്നായി 1187 വിമാനങ്ങളാണ് ഇതുവരെ വന്നത്. 449 രോഗികൾ, സമ്പർക്കം വഴി 144 തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത്‌ നാനൂറിലേറെ പേർക്ക്‌ കോവിഡ്‌. തിങ്കളാഴ്‌ച 449 രോഗികൾ. ഇതിൽ 144 പേർക്ക്‌ സമ്പർക്കത്തിലൂടെ. ആലപ്പുഴയിൽ ഐടിബിപി ക്യാമ്പിലെ 77 പേർ ഉൾപ്പെടെ 119 പേർക്ക്‌ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ്‌ ബാധിതരുടെ എണ്ണം 8292 ആയി. രണ്ട്‌ മരണവും റിപ്പോർട്ട്‌ ചെയ്‌തു. കണ്ണൂരിൽ ഞായറാഴ്‌ച മരിച്ച ഐഷയ്‌ക്ക്‌ (64) മരണാനന്തരം രോഗം സ്ഥിരീകരിച്ചു. പത്തുമുതൽ കോവിഡ് -സ്ഥിരീകരിച്ച് കൊല്ലത്ത്‌ ചികിത്സയിലായിരുന്ന ത്യാഗരാജനും (74) ഞായറാഴ്‌ച മരിച്ചു. ഇതോടെ സംസ്ഥാനത്ത്‌ കോവിഡ്‌ മരണം 33 ആയി. പുതിയ രോഗികളിൽ 140 പേർ വിദേശത്തുനിന്നും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. സമ്പർക്കരോഗികളിൽ കൂടുതൽ തിരുവനന്തപുരത്ത്‌‌. ആകെ 63 രോഗികളിൽ 57ഉം സമ്പർക്കത്തിലൂടെ. സംസ്ഥാനത്ത്‌ 18 പേർക്ക്‌ എവിടെനിന്ന്‌ രോഗം ബാധിച്ചു എന്ന്‌ അറിവായിട്ടില്ല. കണ്ണൂരിൽ 10 ഡിഎസ്‌സി ജവാന്മാർക്കും നാല്‌ ഫയർഫോഴ്‌സ് ജീവനക്കാർക്കും തൃശൂരിൽ ഒരു ബിഎസ്എഫ് ജവാനും മൂന്ന്‌ കെഎസ്ഇ ജീവനക്കാർക്കും രോഗം ബാധിച്ചു. അഞ്ച്‌ ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. തിങ്കളാഴ്‌ച 713 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്‌ച 12,230 സാമ്പിൾ പരിശോധിച്ചു. 162 പേർക്ക്‌ രോഗം ഭേദമായി. Read on deshabhimani.com

Related News