കടമെടുപ്പ്‌ : കേന്ദ്ര നിലപാട് അവ്യക്തം : 
പ്രതിസന്ധി തുടരുന്നു



തിരുവനന്തപുരം സംസ്ഥാനത്തിന്റെ കടമെടുപ്പിനുള്ള കേന്ദ്രധനമന്ത്രാലയ അനുമതിയിൽ അവ്യക്തത തുടരുന്നു. 5000 കോടി രൂപയ്‌ക്കുള്ള താൽക്കാലിക അനുവാദമാണ്‌ വെള്ളിയാഴ്‌ച ലഭിച്ചത്‌. ബാക്കി തുകയുടെ കാര്യത്തിലും കാലാവധിയിലും വ്യക്തമായ നിർദേശമില്ല. സാധാരണ സാമ്പത്തിക വർഷാരംഭത്തിൽ ഒമ്പതു മാസത്തേക്കുള്ള തുക നിശ്ചയിക്കാറുണ്ട്‌. മാറ്റമുണ്ടെങ്കിൽ ഇത്‌ പിന്നീട്‌ തീരുമാനിക്കുകയാണ്‌ പതിവ്‌. കഴിഞ്ഞ തവണ 31,553 കോടി രൂപയ്‌ക്കായിരുന്നു അനുവാദം. പിന്നീട്‌ 2565 കോടി വെട്ടിക്കുറച്ച്‌ 28,896 കോടിയാക്കി. ഇത്തവണ 39,133 കോടി കടമെടുക്കാനാകും എന്ന പ്രതീക്ഷയിലാണ്‌ സംസ്ഥാന ബജറ്റ്‌ തയ്യാറാക്കിയത്‌. ഇത്‌ കേന്ദ്രം 32,435 കോടിയായി കുറച്ചു. സംസ്ഥാനം ആവശ്യപ്പെട്ടതിനേക്കാൾ 6698 കോടിയുടെ കുറവ്‌. വികസന പ്രവർത്തനത്തിന്‌ ബജറ്റിനുപുറത്ത്‌ പ്രത്യേകോദ്ദേശ്യ കമ്പനി എടുക്കുന്ന തുകയും ഇതിൽ ഉൾപ്പെടുത്തണമെന്ന വാശിയിലാണ്‌ കേന്ദ്രം‌. ഇതും ചേർത്താൽ കുറഞ്ഞത്‌‌ 17,000 കോടി രൂപയുടെ കുറവ്‌ വരും. ലഭിക്കുന്ന തുക ഏത്‌ കാലത്തേക്ക്‌ ഉപയോഗിക്കാമെന്നതിലും വ്യക്തതയില്ല. ജൂൺ, ജൂലൈ, ആഗസ്‌ത്‌ മാസം സർക്കാർ ചെലവ്‌ ഗണ്യമായി ഉയരും. കോവിഡ്‌ കാലമായിട്ടും കഴിഞ്ഞ രണ്ടുവർഷവും 8000 മുതൽ 9000 കോടി രൂപവരെ ഖജനാവിൽ വേണ്ടിവന്നു. ഇത്തവണ അതിലും കൂടും. തദ്ദേശഭരണ സ്ഥാപനത്തിന്റെ വിഹിതം നേരത്തേ നൽകിയാലേ പദ്ധതി നിർവഹണം പൂർത്തിയാക്കാനാകൂ. കേന്ദ്ര നയത്തിലെ അവ്യക്തത സംസ്ഥാനത്തിന്റെ ധന മാനേജ്‌മെന്റിനെ ആകെ തുലാസിലാക്കും.   Read on deshabhimani.com

Related News