സിറ്റി ഗ്യാസിന്റെ ആദ്യ ഉപയോക്താവായതും തൃക്കാക്കര



കൊച്ചി ഗെയിൽ പൈപ്പുലൈൻ മുഴുവൻ പൂർത്തിയാകുംമുമ്പ്‌ ഗാർഹിക ഉപയോഗത്തിനുള്ള സിറ്റി ഗ്യാസ്‌ എത്തിയത്‌  തൃക്കാക്കരയിലെ നാലായിരത്തോളം അടുക്കളകളിൽ. ആദ്യഘട്ടമായി സിറ്റി ഗ്യാസ്‌ കണക്‌ഷൻ നൽകാൻ സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത ജില്ലയിലെ നാലു തദ്ദേശസ്ഥാപനങ്ങളിൽ ഒന്നും തൃക്കാക്കര. ജില്ലയിൽ ജൂണോടെ 10,000 സിറ്റി ഗ്യാസ്‌ കണക്‌ഷനുകൾ എത്തുമ്പോൾ പകുതിയോളം  തൃക്കാക്കരയിലായിരിക്കും. പുതുവൈപ്പിലെ എൽഎൻജി ടെർമിനൽ 2013ൽ പൂർത്തിയായെങ്കിലും പൈപ്പുലൈൻ സ്ഥാപിക്കൽ മന്ദഗതിയിലായിരുന്നു. പൈപ്പ്‌ സ്ഥാപിക്കാൻ സ്ഥലമേറ്റെടുപ്പും നഷ്‌ടപരിഹാരം നൽകലും ഉപേക്ഷിച്ച്‌ ഉമ്മൻചാണ്ടി സർക്കാരും പിൻവാങ്ങി. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനുപിന്നാലെയാണ്‌ പരാതികൾ പരിഹരിച്ച്‌ പൈപ്പിടൽ തുടങ്ങിയത്‌. ജില്ലയിലെ വിവിധ വ്യവസായശാലകളിലേക്ക്‌ പൈപ്പുലൈൻ സ്ഥാപിക്കുന്നതിനൊപ്പം നാല്‌ തദ്ദേശസ്ഥാപനങ്ങളിലെ വീടുകളിൽ സിറ്റി ഗ്യാസ്‌ എത്തിക്കാനും തീരുമാനിച്ചു. കളമശേരി, തൃക്കാക്കര, മരട്‌ മുനിസിപ്പാലിറ്റികളും കൊച്ചി കോർപറേഷനുമാണ്‌ അതിനായി തെരഞ്ഞെടുത്തത്‌. തൃക്കാക്കരയിലെ 11ഉം കളമശേരിയിലെ ആറും ഡിവിഷനുകളിൽ ആദ്യഘട്ടമായി പൈപ്പുകൾ സ്ഥാപിച്ചു. തൃക്കാക്കരയിൽ നാലായിരവും കളമശേരിയിൽ രണ്ടായിരത്തോളവും വീടുകളിൽ രണ്ടു വർഷംമുമ്പുതന്നെ സിറ്റി ഗ്യാസ്‌ എത്തി. രണ്ടിടത്തുമായി ആകെ 10,000 കണക്‌ഷനുകളാണ്‌ ഒന്നാംഘട്ടത്തിൽ നൽകുക. തൃക്കാക്കരയിലെ ശേഷിക്കുന്ന എഴുന്നൂറോളം അപേക്ഷകർക്ക്‌ വൈകാതെ സിറ്റി ഗ്യാസ്‌ കണക്‌ഷൻ ലഭിക്കും. മരട്‌ മുനിസിപ്പാലിറ്റിയിൽ 13 ഡിവിഷനുകളിലെ വീടുകളിൽ റെഗുലേറ്ററുകൾ സ്ഥാപിച്ചെങ്കിലും പൈപ്പുലൈൻ സ്ഥാപിക്കൽ തടസ്സപ്പെട്ടു. കൊച്ചി കോർപറേഷനിൽ മുൻ കൗൺസിലുമായുണ്ടായ തർക്കത്തിന്റെ പേരിൽ പൈപ്പിടൽപോലും തുടങ്ങാനായില്ല. എൽഡിഎഫ്‌ കൗൺസിൽ അധികാരമേറ്റശേഷം തർക്കങ്ങൾ പരിഹരിച്ച്‌ പൈപ്പിടൽ ആരംഭിക്കാൻ ധാരണയായിട്ടുണ്ട്‌. ഇന്ത്യൻ ഓയിൽ–-അദാനി ഗ്യാസ്‌ ലിമിറ്റഡിനാണ്‌ സിറ്റി ഗ്യാസിന്റെ വിതരണച്ചുമതല. അടുക്കളയിലെ പാചക ഇന്ധനചെലവിൽ എൽപിജിയെ അപേക്ഷിച്ച്‌  30 ശതമാനത്തിലേറെ സാമ്പത്തികനേട്ടമാണ്‌ സിറ്റി ഗ്യാസ്‌ ഉപയോക്താക്കൾക്ക്‌ ലഭിക്കുന്നത്‌. ഏറ്റവും ഒടുവിലുണ്ടായ വിലവർധനയ്‌ക്കുശേഷം കൊച്ചിയിൽ ഗാർഹിക ഉപയോഗത്തിനുള്ള എൽപിജിയുടെ വില 1006 രൂപയാണ്‌. ഒരുമാസത്തെ എൽപിജി വിലയ്‌ക്ക്‌ മൂന്നുമാസം സിറ്റി ഗ്യാസ്‌ ഉപയോഗിക്കാനാകും. നാലംഗങ്ങളുള്ള കുടുംബത്തിന്‌ രണ്ടുമാസം കൂടുമ്പോൾ 700 രൂപമാത്രമാണ്‌ സിറ്റി ഗ്യാസിന്‌ ചെലവാകുന്നത്‌. എൽപിജിയെ അപേക്ഷിച്ച്‌ ഇന്ധനക്ഷമതയുള്ള സിറ്റി ഗ്യാസ്‌ കൂടുതൽ സുരക്ഷിതവുമാണ്‌. Read on deshabhimani.com

Related News