കോണ്‍​ഗ്രസിലെ കലഹം മറയ്ക്കാൻ ബ്രഹ്മപുരം വിഷയമാക്കുന്നു : എം വി ​ഗോവിന്ദൻ



പത്തനംതിട്ട ഉള്ളിലെ കലഹം മറച്ചുവയ്‌ക്കാനാണ്‌ കോൺഗ്രസ്‌ ബ്രഹ്മപുരം വിഷയം ഉയർത്തുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി പത്തനംതിട്ടയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൽഡിഎഫിനെ എങ്ങനെ നേരിടുമെന്ന ചിന്തയാണ് യുഡിഎഫിനെ അലട്ടുന്നത്. കെ സുധാകരനുമായി മുന്നോട്ട് പോയാൽ അത്‌ സാധിക്കില്ലെന്ന് അവർക്കറിയാം. ഇനി മത്സരിക്കാനില്ലെന്ന കെ മുരളീധരന്റെ പ്രസ്താവന ഈ പരാജയഭീതി മൂലമാണ്. കോൺഗ്രസിൽ പിളർപ്പുണ്ടായാൽ ബിജെപിക്ക് ഗുണം ചെയ്യുന്ന തരത്തിലാണ്‌ കാര്യങ്ങൾ. ബിജെപിയിലേക്ക് പോകും എന്ന് പരസ്യമായി പറഞ്ഞ ആളാണ് കെപിസിസി പ്രസിഡന്റ്‌. ആർഎസ്എസിനോടുള്ള കൂറ് ന്യായീകരിക്കാൻ ആദ്യ പ്രധാനമന്ത്രി നെഹ്റുവിനെ വരെ വർഗീയതയുടെ പാളയത്തിൽ കെട്ടാൻ ശ്രമിച്ചു. രാജ്യത്ത്‌ ഇരുപത്തൊന്ന് സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ ന്യുനപക്ഷ വിഭാഗത്തിനെതിരെ ബിജെപി, ആർഎസ്എസ് നേതൃത്വത്തിൽ വേട്ട തുടരുന്നു. ഇതിനെതിരെ യുഡിഎഫ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. സഭകളിലെ തർക്കം സംബന്ധിച്ച് ആരെയെങ്കിലും ശത്രുപക്ഷത്തോ മിത്രപക്ഷത്തോ നിർത്തി കൊണ്ടുപോകുന്ന സമീപനമല്ല സിപിഐ എമ്മിന്. നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്തി എല്ലാവർക്കും സൗഹാർദമായി ജീവിക്കാനുള്ള അവസരമുണ്ടാക്കുക എന്നുള്ളതാണ്. അതിന് എല്ലാവരുമായി ചർച്ചചെയ്ത് നീതിപൂർവമായ നടപടിയാകും സർക്കാർ കൈക്കൊള്ളുകയെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. Read on deshabhimani.com

Related News