കണ്ണൂരും തൃശൂരും പിടിക്കുമെന്ന് പറഞ്ഞവർ മൂന്നാമതാകും: എം വി ഗോവിന്ദൻ

ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ തിരുവല്ലയിലെ സ്വീകരണകേന്ദ്രത്തിലേക്ക് എത്തുന്നു ഫോട്ടോ: എ ആർ അരുൺരാജ്


ആലപ്പുഴ കണ്ണൂരും തൃശൂരും പിടിക്കുമെന്ന് പ്രഖ്യാപിച്ച നടന്റെ പാർടി കേരളത്തിലാകെ മൂന്നും നാലും സ്ഥാനത്താകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജില്ലയിലെ കായംകുളം, ചാരുംമൂട്, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ജനകീയ പ്രതിരോധജാഥയക്ക് നൽകിയ സ്വീകരണങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 30 പ്ലസ് സീറ്റ് നേടി കേരളം ആരുഭരിക്കുമെന്ന് തീരുമാനിക്കുന്നത് ബിജെപിയാകുമെന്നായിരുന്നു പ്രചാരണം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്നാണ്‌. കേരളം ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തു. തൃശൂരും കേരളവും പിടിക്കുമെന്ന് പറയുന്നവർ അതോർത്താൽ മതി. മാധ്യമങ്ങളുടെ വ്യാജപ്രചാരണങ്ങൾ ജനം തള്ളിയെന്ന് തെളിയിക്കുന്നതാണ് സ്വീകരണകേന്ദ്രങ്ങളിലെ ജനപങ്കാളിത്തം. സർക്കാരിനെ  ജനങ്ങൾക്ക്‌ മുന്നിൽ പ്രതിക്കൂട്ടിലാക്കാൻ സമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്ന കേന്ദ്രത്തെ തുറന്നുകാട്ടുകയാണ് ജാഥ. ഒന്നാം മോഡി സർക്കാർ അധികാരത്തിലേറുമ്പോൾ 410 രൂപയായിരുന്ന പാചകവാതകത്തിന് വില ഘട്ടംഘട്ടമായി ഉയർത്തി നിലവിൽ 1110 രൂപയാക്കി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനിടയിലും സംസ്ഥാന സർക്കാർ  ജനക്ഷേമപദ്ധതികൾ മുന്നോട്ട്‌ കൊണ്ടുപോകുകയാണ്. ഭരണഘടനയും മതനിരപേക്ഷതയും തകർത്ത് മനുസ്‌മൃതി നടപ്പാക്കാനാണ് ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ബിജെപി ശ്രമിക്കുന്നത്. ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി സർക്കാർ കൈവിട്ട പദ്ധതിയാണ് ഇപ്പോൾ നിർമാണം അതിവേഗം പൂർത്തിയാകുന്നത്. പരമ്പരാഗത വ്യവസായ തൊഴിലാളികൾക്കും സംഘടിത, അസംഘടിത തൊഴിലാളികൾക്കും ഒരുപോലെ ജീവിക്കാൻ കഴിയുന്ന നാടാണ് കേരളം –- അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News