പുതിയ ഇനം കക്കയെ കണ്ടെത്തി



കളമശേരി കിഴക്കൻ അറബിക്കടലിൽനിന്ന്‌ പുതിയ ഇനം കക്കയെ മലയാളിഗവേഷകർ അടങ്ങുന്ന സംഘം കണ്ടെത്തി. സൈലോ ഫാഗൈഡേ കുടുംബത്തിലെ അത്യപൂർവയിനത്തിൽപ്പെട്ട ആഴക്കടൽ കക്കയ്‌ക്ക്‌ ‘സൈലോ ഫാഗ നന്ദാനി’ എന്നാണ്‌ പേരിട്ടിട്ടുള്ളത്. കുസാറ്റ്‌ മറൈൻ ബയോളജി, മൈക്രോ ബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ്‌ ഗവേഷകൻ ഡോ. പി ജയചന്ദ്രന്റെ നേതൃത്വത്തിൽ എം ജിമ, സാവോപോളോ യൂണിവേഴ്സിറ്റിയിലെ മാർസെൽ വെലാസ്‌ക്വസ് എന്നിവർ ചേർന്നാണ് പുതിയ ഇനം കക്കയെ കണ്ടെത്തിയത്‌. കുസാറ്റ്‌ സ്കൂൾ ഓഫ് മറൈൻ സയൻസ് ഡീനും പരിസ്ഥിതി ഗവേഷകനുമായ പ്രൊഫ. എസ് ബിജോയ് നന്ദനോടുള്ള ആദരസൂചകമായാണ്‌ പുതിയ ഇനത്തിന് ‘സൈലോ ഫാഗ നന്ദാനി’ എന്ന പേരിട്ടത്‌. കിഴക്കൻ അറബിക്കടലിലെ കാർവാർ തീരത്തിനുസമീപം ആഴക്കടലിലാണ് ഇവയെ കണ്ടെത്തിയത്. ഏഴായിരം മീറ്റർ ആഴത്തിൽ ഇവയുടെ സാന്നിധ്യമുണ്ട്. സമുദ്രോപരിതലത്തിൽനിന്ന് താഴെയെത്തുന്ന തടികൾക്കുള്ളിലാണ് ഇവയെ കാണുക. തീരപ്രദേശത്തുള്ള തടിതുരപ്പൻ കക്കകളായ ഷിപ്പ് വേമുകളുമായി സാമ്യമുണ്ട്‌. ആഴക്കടലിൽ വളരുന്നവയായതിനാൽ സ്വഭാവരീതികളെക്കുറിച്ചുള്ള അറിവ് പരിമിതമാണെന്ന് ഡോ. ജയചന്ദ്രൻ പറഞ്ഞു. കണ്ടെത്തൽ രാജ്യാന്തര ശാസ്ത്രമാസികയായ മറൈൻ ബയോഡൈവേഴ്‌സിറ്റിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Read on deshabhimani.com

Related News