ലീഗ്‌ പത്രത്തിന്റെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ ; ലീഗ്‌ ജില്ലാസെക്രട്ടറിയെ എൻഫോഴ്സ്മെന്റ്‌ ചോദ്യം ചെയ്‌തു



മുസ്ലീം ലീഗ്‌ മുഖപത്രം  ചന്ദ്രിയുടെ അക്കൗണ്ടിൽ 10 കോടി കള്ളപ്പണം നിക്ഷേപിച്ച കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎയുടെ പിഎയും മുസ്ലിംലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയുമായ അഷറഫ് മൂപ്പനെ എൻഫോഴ്സ് വകുപ്പ്‌‌ ചോദ്യംചെയ്‌തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി നടത്തിയ ചോദ്യംചെയ്യൽ ആറുമണിക്കൂർ നീണ്ടു. ഇബ്രാഹിംകുഞ്ഞിന്റെ അടുത്ത അനുയായിയായ അഷറഫ്‌ മൂപ്പൻ ലീഗ്‌ ജില്ലാ നേതാക്കൾക്കെതിരെ വ്യാജരേഖ ചമച്ച സംഭവത്തിലും പ്രധാനിയാണ്‌. കള്ളപ്പണം വെളുപ്പിക്കലിനെതിരെ ജില്ലാ കമ്മിറ്റിയിലെ വിമതവിഭാഗം സംസ്ഥാന നേതൃത്വത്തിന്‌ നൽകിയ പരാതിയിൽ ഇദ്ദേഹത്തെക്കുറിച്ച്‌ പരാമർശിക്കുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ അഷറഫ്‌ മൂപ്പനെ ‌ ചോദ്യംചെയ്‌തത്‌. കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്‌ അനാവശ്യമായി കുത്തിപ്പൊക്കിയതെന്നാണ്‌ പാർടി നേതൃത്വത്തെ ഇദ്ദേഹം അറിയിച്ചിട്ടുള്ളത്‌. ചന്ദ്രിക ദിനപത്രത്തിന്റെ ചെയർമാനാണ്‌ ഇബ്രാഹിംകുഞ്ഞ്‌. പാലാരിവട്ടം പാലം അഴിമതി നടന്ന കാലത്താണ്‌ ചന്ദ്രികയുടെ അക്കൗണ്ടിൽ പണം വെളുപ്പിച്ചത്‌ എന്നാണ്‌ കേസ്‌. ഈ കേസ്‌ പിൻവലിപ്പിക്കാൻ ഇബ്രാഹിംകുഞ്ഞ്‌ ശ്രമിച്ചെന്ന കേസ്‌ നിലവിലുണ്ട്‌. പാലാരിവട്ടം അഴിമതിക്കേസിൽ അഞ്ചാംപ്രതിയാണ്‌ ഇബ്രാഹിംകുഞ്ഞ്‌. Read on deshabhimani.com

Related News