മൂവാറ്റുപുഴയിൽ എൽഡിഎഫ് കൗൺസിലർമാർ നഗരസഭായോഗം ബഹിഷ്കരിച്ചു



മൂവാറ്റുപുഴ നഗരസഭയിൽ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കാത്തതിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് പ്രതിപക്ഷത്തെ എൽഡിഎഫ് കൗൺസിലർമാർ കൗൺസിൽ ബഹിഷ്കരിച്ചു. തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്താത്തതിനാൽ നാളുകളായി പ്രധാന റോഡുകൾ ഉൾപ്പെടെ ഇരുട്ടിലാണ്. നഗരസഭാ കെട്ടിടങ്ങളുടെ വാടകനിരക്ക് മാനദണ്ഡമില്ലാതെ വർധിപ്പിച്ചതിൽ പ്രതിഷേധമുയർന്നു. നടപ്പാക്കാത്ത പ്രവൃത്തികളുടെ പേരിൽ ബില്ല് മാറുന്നത് തുടരുന്നു. മാലിന്യസംസ്‌കരണ യൂണിറ്റുകൾക്കായി  ഗുണഭോക്താക്കളിൽനിന്ന് തുകവാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ബയോബിൻ, റിങ് കംബോസ്റ്റർ എന്നിവ വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് വ്യാഴാഴ്‌ച എൽഡിഎഫ്‌ അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചത്. കെ ജി അനിൽകുമാർ, പി എം സലീം, പി വി രാധാകൃഷ്ണൻ, നിസ അഷറഫ്, നെജില ഷാജി, മീര കൃഷ്ണൻ, ഫൗസിയ അലി, സുധ രഘുനാഥ്, സെബി കെ സണ്ണി എന്നിവരാണ് യോഗം ബഹിഷ്‌കരിച്ചത്.  നഗരസഭയുടെ വാടകകെട്ടിടങ്ങളിലെ മുറികൾക്ക് പിഡബ്ല്യുഡി നിരക്ക് പുതുക്കി നിശ്ചയിച്ച് ജനങ്ങളിൽനിന്ന്‌ ഭീമമായ വാടക ഈടാക്കുകയാണ്. മേഖലതിരിച്ച് മുൻഗണനാ പ്രകാരമല്ലാതെയാണ് വാടകത്തുക നിശ്ചയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. നെഹ്‌റു പാർക്ക്, കച്ചേരിത്താഴം പാലങ്ങൾ, മാർക്കറ്റ് എന്നിവിടങ്ങളിൽ തെരുവുവിളക്കുകൾ തെളിയുന്നില്ല. മാലിന്യസംസ്‌കരണ പദ്ധതികൾ നടപ്പാക്കിയില്ല. നഗരറോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അറ്റകുറ്റപ്പണി നടത്താൻ നഗരസഭ തയ്യാറാകുന്നില്ല. ടെൻഡർ നടപടി പൂർത്തിയാക്കാതെ നിർമാണ പ്രവൃത്തികളുൾപ്പെടെ മുൻകൂറായി നടത്തി ബിൽ മാറുന്ന സ്ഥിതിയാണ്. പ്രതിപക്ഷ അംഗങ്ങൾ കൗൺസിലിൽ ഇതിനെ എതിർത്തിട്ടും നടപ്പാക്കാത്ത ജോലികളുടെ ബില്ല് ഉൾപ്പെടെ മാറുന്നത് തുടരുന്നു. ഭരണപക്ഷത്തെ ഒരുസംഘം ഇതിനായി രംഗത്തുണ്ട്. അടിയന്തര പ്രധാന്യമുള്ള അജൻഡകൾ സപ്ലിമെന്ററിയായി ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന രീതിയാണുള്ളത്‌.     Read on deshabhimani.com

Related News