10 മെഡിക്കൽ കോളേജിൽ പാലിയേറ്റീവ് കെയർ വാർഡ്‌ : മന്ത്രി വീണാ ജോർജ്



തിരുവനന്തപുരം   സംസ്ഥാനത്തെ 10 മെഡിക്കൽ കോളേജിൽ രണ്ടു മാസത്തിനുള്ളിൽ പാലിയേറ്റീവ് കെയർ വാർഡുകൾ തുറക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക്‌ നേരെയുള്ള അതിക്രമം തടയാൻ സമഗ്രനിയമം ആവിഷ്‌കരിക്കുമെന്നും ധനാഭ്യർഥന ചർച്ചയുടെ മറുപടിയിൽ മന്ത്രി പറഞ്ഞു. അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് റോബോട്ടിക് ശസ്ത്രക്രിയ ആർസിസിയിലും എംസിസിയിലും സെപ്‌തംബറോടെ യാഥാർഥ്യമാക്കും. സൂക്ഷ്മമായ അർബുദകോശങ്ങളെയും ശസ്ത്രക്രിയയിലൂടെ മാറ്റിയുള്ള ആരോഗ്യപരിചരണം ഇതിലൂടെ സാധിക്കും. എസ്എടിയിൽ ജനിതകരോഗവിഭാഗം ഉടൻ ആരംഭിക്കും. ബ്രഹ്മപുരത്ത്‌ പ്രവർത്തിച്ച അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ് വിഭാഗങ്ങൾക്ക് സമഗ്ര ആരോഗ്യ പരിശോധന നടത്തും. തുടർ പരിശോധനകളും സൗജന്യ ചികിത്സയും ഉറപ്പുവരുത്തും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ കഴിഞ്ഞ വർഷം സംസ്ഥാനം 1400 കോടി ചെലവഴിച്ചു. ഇതിൽ കേന്ദ്രവിഹിതം 138 കോടി മാത്രമാണ്‌. സംസ്ഥാനത്ത്‌ ശിശുമരണനിരക്ക്‌ കുറഞ്ഞത്‌ കൃത്യമായ ഇടപെടലിലൂടെയാണ്‌. ഹൃദ്യം പദ്ധതിയിൽ 5552 പേർക്ക്‌ ഹൃദയചികിത്സ നൽകി. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളെയും പേപ്പർരഹിതമാക്കും. 249 ആശുപത്രിയെ പേപ്പർരഹിതമാക്കി. അവയവമാറ്റവുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News