വീണ്ടും അപഹാസ്യരായി 
പ്രതിപക്ഷം ; ധനാഭ്യർഥന ചർച്ച ബഹിഷ്‌കരണം , ബ്രഹ്മപുരത്തിലും ബഹിഷ്‌കരണം



തിരുവനന്തപുരം   അംഗങ്ങൾക്ക്‌ സുപ്രധാന വിഷയങ്ങൾ സഭയുടെ ശ്രദ്ധയിലെത്തിക്കാനുള്ള അവസരം വീണ്ടും നഷ്ടമാക്കി പ്രതിപക്ഷം. ആരോഗ്യം, കുടുംബക്ഷേമ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചയാണ്‌ പ്രതിപക്ഷം ബഹിഷ്‌കരിച്ചത്‌. നേരത്തേ, പൊതുമരാമത്ത്‌, വിനോദ സഞ്ചാരം, തുറമുഖ വകുപ്പുകളുടെ ചർച്ച ബഹിഷ്‌കരിച്ചതിനെതിരെ സ്വന്തം അംഗങ്ങൾക്കിടയിൽനിന്നുതന്നെ ഉയർന്ന വിമർശം വകവയ്‌ക്കാതെയായിരുന്നു തിങ്കളാഴ്‌ചത്തെ നടപടി. പ്രതിപക്ഷത്തെ ആറുപേർക്ക്‌ ചർച്ചയിൽ പങ്കെടുക്കാനുള്ള അവസരവും നഷ്ടമായി. ചർച്ചയിൽ പങ്കെടുത്ത ഭരണപക്ഷാംഗങ്ങളാകട്ടെ, ആരോഗ്യവകുപ്പിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയതിനൊപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളും മണ്ഡലങ്ങളിലെ പ്രശ്‌നങ്ങളും അവതരിപ്പിച്ചു. പ്രകൃതിദുരന്തങ്ങളിലാണ്‌ പ്രതിപക്ഷത്തിന്റെ പ്രതീക്ഷയെന്നും ബ്രഹ്മപുരത്തെ തീകെടരുതെന്നാണ്‌ അവർ ആഗ്രഹിച്ചതെന്നും ചർച്ചയിൽ പങ്കെടുത്ത പി മമ്മിക്കുട്ടി പരിഹസിച്ചു. എസി റൂമിലിരുന്ന്‌ വിമർശിക്കാൻ എളുപ്പമാണെന്ന്‌ പി വി ശ്രീനിജൻ പറഞ്ഞു.  പുകമറ സൃഷ്ടിക്കുകയാണ്‌ പ്രതിപക്ഷമെന്ന്‌ എം വിജിൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കെതിരായ കൈയേറ്റങ്ങളിൽ മാതൃകാനടപടി വേണമെന്ന്‌ ഡോ. സുജിത്‌ വിജയൻപിള്ള പറഞ്ഞു. അവയവമാറ്റ നടപടിക്രമങ്ങൾ വെല്ലുവിളിയാകുന്നുണ്ടെന്നും അവയവ സാക്ഷരത നടപ്പാക്കണമെന്നും സി കെ ആശ പറഞ്ഞു. സാധാരണക്കാർക്കും മികച്ച ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞെന്ന്‌ ജി എസ്‌ ജയലാൽ പറഞ്ഞു.  മുഖ്യമന്ത്രിക്കെതിരായ സമരം മാധ്യമങ്ങൾ ഏറ്റെടുക്കണമെന്ന കെപിസിസി പ്രസിഡന്റിന്റെ അഭ്യർഥന സമരംപൊളിഞ്ഞു എന്ന വെളിപ്പെടുത്തലാണെന്ന്‌ മുരളി പെരുനെല്ലി പറഞ്ഞു. കെ ബി ഗണേഷ്‌കുമാർ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, ദലീമ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മന്ത്രി വീണാ ജോർജിന്റെ മറുപടിക്കുശേഷം ധനാഭ്യർഥനകൾ നിയമസഭ പാസാക്കി. ബ്രഹ്മപുരത്തിലും ബഹിഷ്‌കരണം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. തീപിടിത്തത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ആവശ്യപ്പെട്ടു. മാലിന്യം മനപ്പൂർവം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നും ആരോപിച്ചു. അന്വേഷണം പുരോഗമിക്കുന്നതായി മന്ത്രി എം ബി രാജേഷ്‌ നൽകിയ മറുപടിയിലും പ്രതിപക്ഷ നേതാവ്‌ തൃപ്‌തനായില്ല. കരാർ കമ്പനിയെ ന്യായീകരിക്കുകയാണെന്നും നിലവിലെ അന്വേഷണത്തിൽ അർഥമില്ലെന്നും പ്രതിപക്ഷനേതാവ്‌ പറഞ്ഞു. മാലിന്യപ്രശ്‌നത്തിൽ പരസ്‌പരം കുറ്റപ്പെടുത്തുന്ന നിലപാട്‌ നാടിന്‌ ആശാസ്യമല്ലെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. മാലിന്യനിർമാർജന ചുമതല തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ്‌. അവയുടെ നേതൃത്വത്തിൽ എൽഡിഎഫും യുഡിഎഫുമുണ്ട്‌. എല്ലാവരും യോജിച്ച്‌ പ്രവർത്തിച്ചാലേ ശാശ്വത പരിഹാരമുണ്ടാകൂവെന്ന്‌ മന്ത്രി വ്യക്തമാക്കി. Read on deshabhimani.com

Related News