ശബരിമല സ്ത്രീപ്രവേശനം: കേസുകൾ പിൻവലിക്കുന്നതിന്‌ അനുമതി നൽകിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി



തിരുവനന്തപുരം> ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായ സംഭവങ്ങളിലെ  ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്രം പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ വിവിധ സംഭവങ്ങളിലെ കേസുകളും പിൻവലിക്കുന്നതിന്‌ അനുമതി നൽകിയിട്ടുണ്ട്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ സബ്‌മിഷനുള്ള മറുപടിയിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.  ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ തല്‍സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവി, ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസുകളുടെ നിലവിലുള്ള സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഐ.ജിയും സ്‌പെഷ്യല്‍ സെല്‍, എസ്.സി.ആര്‍.ബി. വിഭാഗങ്ങളുടെ പോലീസ് സൂപ്രണ്ടുമാരും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി പോലീസ് മേധാവി രൂപീകരിച്ചിട്ടുണ്ട്‌. കേസുകള്‍ പിന്‍വലിക്കുന്നതിന് ആവശ്യമായ  വിവരങ്ങള്‍  പരിശോധിക്കുന്ന ചുമതലയും ഈ കമ്മിറ്റിക്കാണ്‌. ഓരോ കേസും പ്രത്യേകം പരിശോധിച്ചശേഷം  കോടതിയുടെ അനുമതിയോടെയാണ് കേസുകള്‍ പിന്‍വലിക്കാന്‍ കഴിയുക. കേസുകള്‍ പിന്‍വലിക്കുന്നതിന് അനുമതി നല്‍കേണ്ടത്  കോടതികളാണ്. കോടതിയുടെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. എന്നാലും സര്‍ക്കാര്‍ തല നടപടികൾ എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News