സൂപ്പർസ്‌റ്റാറായി പേന, പെൻസിൽ മെഗാസ്‌റ്റാറും



കൊച്ചി പേനയും പെൻസിലും കട്ടറുമൊക്കെയാണ്‌ വിഘ്‌നേഷിന്റെ സൂപ്പർതാരങ്ങൾ. കോവിഡുകാലത്ത്‌ മേശയ്‌ക്കുള്ളിൽക്കിടന്നു വിഷമിച്ച പേന തന്റെ വിഷമം പങ്കുവച്ചത്‌ രണ്ടുവശവും ഷാർപ്‌നർ ഉപയോഗിച്ചു വെട്ടി കുഞ്ഞനായ പെൻസിലിനോടാണ്‌. മനുഷ്യർക്കു പകരം ഇവരെ കഥാപാത്രങ്ങളാക്കി തിരുവനന്തപുരം വട്ടിയൂർക്കാവ്‌ തിട്ടമംഗലം പുളിയറത്തല വീട്ടിൽ വിഘ്‌നേഷ്‌ രാജശോഭ്‌ ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. സ്കൂളിൽപ്പോയി കുട്ടികളുടെ കൈയിലിരുന്ന്‌ വിലസേണ്ടവർ മേശയ്‌ക്കുള്ളിലും വീട്ടിലും കുടുങ്ങുന്നു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ്‌ ചു പൂ വാ (ചുവപ്പ്‌ പൂക്കൾ വാടാറില്ല) ഹ്രസ്വചിത്രം പറയുന്നത്‌. മൊബൈൽഫോണിൽ കഥയെഴുതി മടുത്ത്‌ മേശയ്‌ക്കുള്ളിൽനിന്ന്‌ പേന തപ്പിയെടുത്തതോടെയാണ്‌ കഥാപാത്രങ്ങൾ ജനിച്ചത്‌. നാലുമിനിറ്റ്‌ പത്ത്‌ സെക്കൻഡുള്ള ഹ്രസ്വചിത്രത്തിൽ മൊബൈൽഫോണും അതിഥിതാരമാകുന്നു. കഥയും സംവിധാനവും കാമറയും എഡിറ്റിങും ഡബ്ബിങ്ങുമെല്ലാം വിഘ്‌നേഷ്‌ നിർവഹിച്ചു. ചിത്രം തമിഴിലും യുട്യൂബിൽ ലഭ്യമാണ്‌. മീഡിയ കലിപ്‌സ്‌ യുട്യൂബ്‌ ചാനലിൽ റിലീസായ ഹ്രസ്വചിത്രം ഇതിനകം ആയിരങ്ങൾ കണ്ടുകഴിഞ്ഞു. ഓൺലൈനിൽ നടക്കുന്ന ബംഗളൂരു നോബിൾ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിലേക്ക്‌ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. നടൻമാരായ ശ്രീകാന്തും സത്യരാജുമെല്ലാം വിധികർത്താക്കളായി എത്തുന്ന ചലച്ചിത്രമേളയെ ഏറെ പ്രതീക്ഷയോടെയാണ്‌ വിഘ്‌നേഷ്‌ കാത്തിരിക്കുന്നത്‌. Read on deshabhimani.com

Related News