ഡോക്ടറെ നിയമിക്കാതെ ബ്ലോക്ക് പഞ്ചായത്ത്; 
ചികിത്സ കിട്ടാതെ രോ​ഗികള്‍

നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രം


കവളങ്ങാട് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള നേര്യമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ ഒരു ഡോക്ടറും ഫാർമസിസ്റ്റും വേണമെന്ന ആവശ്യം ശക്തമാകുന്നു. കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയെങ്കിലും സാധാരണ സിഎച്ച്‌സിപോലെ പകൽ ഒന്നിന് ഒപി അടയ്‌ക്കും. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയാണ് കുടുംബാരോഗ്യകേന്ദ്രം പ്രവർത്തിക്കേണ്ടത്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയായതിനാൽ ഒരു ഡോക്ടറെക്കൂടി എത്തിക്കേണ്ട ബാധ്യത ബ്ലോക്കിനുണ്ടെങ്കിലും ഒരു ഇടപെടലും നടത്തിയിട്ടില്ല. രണ്ട് ഡോക്ടർമാരാണ് നിലവിലുള്ളത്. ഒരു ഡോക്ടറെക്കൂടി നിയമിച്ചാല്‍  ഉച്ചകഴിഞ്ഞും ഒപി പ്രവർത്തിപ്പിക്കാം. ഡോക്ടർ വന്നാൽ ഒരു ഫാർമസിസ്റ്റിനെ സര്‍ക്കാര്‍ നിയമിക്കും. ജില്ലാ അതിർത്തിയായതിനാൽ ഇടുക്കി ജില്ലയിൽനിന്നുള്ളവരും ഇവിടെ ചികിത്സയ്‌ക്കെത്തുന്നു. സമീപത്തെ ​ഗോത്ര കോളനിയിലുള്ളവരുടെയും ഏക ആശ്രയമാണ് ഈ ആശുപത്രി. ദിവസം 200 മുതൽ 250 വരെ രോഗികൾ ഇവിടെ എത്തുന്നുണ്ടെന്ന് മെഡിക്കൽ ഓഫീസർ ആർ ദിവ്യ പറഞ്ഞു. 16 കിലോമീറ്റർ അകലെ തട്ടേക്കണ്ണിയിൽനിന്നും 25 കിലോമീറ്റർ അപ്പുറമുള്ള മാമലക്കണ്ടത്തുനിന്നും രോഗികൾ ഇവിടെയെത്തുന്നു. ഒപി ഒരുമണിവരെമാത്രം പ്രവർത്തിക്കുന്നതിനാൽ വരുന്ന എല്ലാ രോ​ഗികളെയും ചികിത്സിക്കാനാകുന്നില്ല. സമീപത്തൊന്നും സർക്കാർ ആശുപത്രി ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ. Read on deshabhimani.com

Related News