പറവൂരിൽ മാലിന്യക്കൂമ്പാരം ;
 കണ്ണടച്ച് ന​ഗരസഭാ അധികൃതര്‍

മുനിസിപ്പൽ ടൗൺഹാളിന് പിന്നിലെ വഴിയരികിൽ മാലിന്യച്ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നു


പറവൂർ മാലിന്യം നീക്കുന്നതിൽ നഗരസഭ പരാജയമെന്ന് ആക്ഷേപം. വാർഡുകളില്‍ വഴിയോരം മാലിന്യക്കൂമ്പാരമാണ്. ഹരിതകർമസേന വീടുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യംപോലും റോഡരികിൽ ചാക്കിലാക്കി കൂട്ടിയിടുകയാണ്. ഇവ കൊണ്ടുപോകുന്ന ക്ലീൻ കേരള ഏജൻസിയുമായി നടപടികൾ ആരംഭിച്ചെന്ന് നഗരസഭാ അധികൃതർ പറയുന്നുണ്ടെങ്കിലും മാലിന്യനീക്കം മന്ദഗതിയിലാണ്. അതിനാല്‍ നഗരത്തിലെങ്ങും തെരുവുനായ്ക്കളും ഒച്ചുകളും പെരുകി. മാലിന്യനീക്കത്തിന് ആരോഗ്യവിഭാഗം ഉപയോഗിച്ചിരുന്ന വാഹനം പ്രവര്‍ത്തനരഹിതമായിട്ട് ആറുമാസമായി. ലക്ഷങ്ങൾ മുടക്കി മൂന്നുമാസംമുമ്പ്‌ വാങ്ങിയ മറ്റൊരു വാഹനം ബോഡി നിർമിക്കാതെ നഗരസഭാ ഓഫീസിൽ വെറുതെ ഇട്ടിരിക്കുകയാണ്. പ്ലാസ്റ്റിക് ശേഖരണ പദ്ധതിയിലൂടെ മാസംതോറും മൂന്നുലക്ഷത്തിലേറെ രൂപ ഹരിതകർമസേന വഴി നഗരസഭയുടെ പ്ലാസ്റ്റിക് ഫണ്ടിൽ എത്തുന്നുണ്ട്. ഫണ്ടില്‍നിന്ന്‌ 14 ലക്ഷം രൂപ ജീവനക്കാർക്ക് ശമ്പളം നൽകാന്‍ നഗരസഭ വകമാറ്റിയതും വിവാദമായി. ഇത്, കൗൺസിൽ യോ​ഗത്തിൽ പ്രതിപക്ഷം ഉന്നയിച്ച് ആറുമാസം കഴിഞ്ഞിട്ടും തുക ഫണ്ടിൽ തിരിച്ചടച്ചിട്ടില്ല. ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ മാലിന്യങ്ങളും വേർതിരിച്ച്‌ നഗരസഭയ്ക്ക് വരുമാനം ലഭിക്കുന്നതരത്തിൽ ഉപയോഗിക്കണമെന്ന നിർദേശവും ഫലപ്രദമായി നടപ്പാക്കുന്നില്ല. ക്ലീൻ കേരള കമ്പനിക്ക്‌ പണം കൊടുത്താണ്‌ മാലിന്യങ്ങൾ കൊണ്ടുപോകുന്നത്. മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി സെന്റർ സംവിധാനം നഗരസഭയിൽ ഇല്ല. വാർഡുതലത്തിലോ വെടിമറയിലെ മാലിന്യസംസ്കരണ പ്ലാന്റ് കേന്ദ്രീകരിച്ചോ മാലിന്യം ശേഖരിച്ച് വേർതിരിച്ചാല്‍ പരാതികൾക്ക് പരിഹാരമാവുകയും നഗരസഭയ്ക്ക് കൂടുതൽ വരുമാനം ലഭിക്കുകയും ചെയ്യും. മാലിന്യസംസ്കരണ പ്ലാന്റില്‍ ശേഷിക്കുന്ന മാലിന്യം നീക്കംചെയ്താലേ ഇവിടെ ഇനിയും മാലിന്യം എത്തിക്കാനാകൂ. സംഭരിക്കാൻ സ്ഥലമില്ലാത്തതിനാൽ മുനിസിപ്പൽ പാർക്കിലും ടൗൺഹാളിലുമൊക്കെ മാലിന്യച്ചാക്കുകൾ കൂട്ടിവയ്‌ക്കുകയാണ് ന​ഗരസഭ. ഓടകൾ, കാനകൾ എന്നിവയിൽനിന്ന്‌ എടുക്കുന്ന മണ്ണും മാലിന്യവുംപോലും ന​ഗരസഭ നീക്കംചെയ്തിട്ടില്ല. മാലിന്യനീക്കത്തില്‍ ന​ഗരസഭ കാണിക്കുന്ന അലംഭാവം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷനേതാവ് ടി വി നിഥിൻ, എൽഡിഎഫ് കൗൺസിലർമാരായ കെ ജെ ഷൈൻ, എൻ ഐ പൗലോസ്, ജ്യോതി ദിനേശൻ, ഇ ജി ശശി, എം കെ ബാനർജി എന്നിവർ പറഞ്ഞു.   Read on deshabhimani.com

Related News