ആഫ്രിക്കൻ പന്നിപ്പനി : കേന്ദ്രസഹായത്തിന്‌ കാത്തില്ല; 
സംസ്ഥാനം നഷ്ടപരിഹാരം നൽകി



കൽപ്പറ്റ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച്‌ പന്നികൾ നഷ്ടപ്പെട്ട കർഷകർക്ക്‌ റെക്കോഡ്‌ വേഗത്തിൽ നഷ്ടപരിഹാരം നൽകി സംസ്ഥാന സർക്കാർ. വയനാട്ടിലെയും കണ്ണൂരിലെയും ഒമ്പത്‌ കർഷകർക്ക്‌ 52.22 ലക്ഷം രൂപയുടെ ചെക്ക്‌ മന്ത്രി ജെ ചിഞ്ചുറാണി കൈമാറി. നഷ്ടപരിഹാരത്തിന്റെ 50 ശതമാനം കേന്ദ്രസർക്കാരാണ്‌ നൽകേണ്ടത്‌. ഇതിന്‌ കാത്തുനിൽക്കാതെ മുഴുവൻ നഷ്ടപരിഹാര തുകയും സംസ്ഥാനം നൽകി. മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോർപ്പസ്‌ ഫണ്ടിൽനിന്നാണ്‌ തുക അനുവദിച്ചത്‌. കേന്ദ്രഫണ്ട്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ ഇതിലേക്ക്‌ തിരിച്ചടയ്‌ക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ ഏഴ്‌ കർഷകർക്ക്‌ 37.07 ലക്ഷവും കണ്ണൂരിലെ രണ്ടുപേർക്ക്‌ 15.15 ലക്ഷവുമാണ്‌ നൽകിയത്‌. എണ്ണവും തൂക്കവുമനുസരിച്ച്‌ 53,800 രൂപ മുതൽ 19.55 ലക്ഷം രൂപവരെ കർഷകർക്ക്‌ ലഭിച്ചു. വയനാട്ടിൽ 702ഉം കണ്ണൂരിൽ 247ഉം പന്നികളെയാണ്‌ കൊന്നൊടുക്കിയത്‌. കഴിഞ്ഞമാസം 21നാണ്‌ ദക്ഷിണേന്ത്യയിൽ ആദ്യമായി വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്‌. ഇറച്ചിയാക്കി കയറ്റുമതി ചെയ്യും കർഷകരിൽനിന്ന്‌ പന്നികളെ സർക്കാർ വാങ്ങും: മന്ത്രി സംസ്ഥാനത്തെ പന്നിക്കർഷകരെ സഹായിക്കാൻ പന്നികളെ സർക്കാർ വിലയ്‌ക്കുവാങ്ങും. മീറ്റ്‌സ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയെക്കൊണ്ട് ഇറച്ചിയാക്കി കയറ്റുമതി ചെയ്യുന്ന സംഭരണ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി ജെ ചിഞ്ചുറാണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സഹകരണ വകുപ്പുമായി ചേർന്ന്‌ നെല്ല്‌ സംഭരണ മാതൃകയിലാണ്‌ നടപ്പിലാക്കുക. കേരളബാങ്കും പദ്ധതിയുമായി സഹകരിക്കും. ബാങ്ക്‌ അധികൃതർ സഹകരണമന്ത്രിയുമായും ചർച്ച നടത്തി. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന വിലയ്‌ക്കാവും കർഷകരിൽനിന്ന്‌ പന്നികളെ വാങ്ങുക. സംസ്ഥാനത്തെ ഫാമുകളിൽ ഒരുലക്ഷം പന്നികളുണ്ട്‌.  ആഫ്രിക്കൻ പന്നിപ്പനി ഭീഷണി കർഷകരെ പ്രതികൂലമായി ബാധിച്ചു. ഇത്‌ ഒഴിവാക്കാനാണ്‌ നടപടി. വയനാട്‌, കണ്ണൂർ ജില്ലക്ക്‌ മുൻഗണന നൽകും. ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ പന്നിയും ഇറച്ചിയും കൊണ്ടുവരുന്നത്‌ തടയാൻ കർശന പരിശോധന തുടരും. ആഫ്രിക്കൻ പന്നിപ്പനി തടയാൻ കർണാടക,  കേരളത്തെയാണ്‌ മാതൃകയാക്കിയത്‌. ഇതിനായി കേരളത്തിലെ ഒരു സംഘത്തെ കർണാടകയിൽ അയച്ചു. ക്ഷീരകർഷകർക്ക്‌ പാലിന്‌ ലിറ്ററിന്‌ നാലുരൂപ അധിക വില നൽകുന്നതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഈ മാസം കൊല്ലം ചാത്തന്നൂരിൽ  നടത്തുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News