പ്രൊഫ. കെ കെ ജോർജ് കേരളവികസനത്തിന്റെ ഭാവിയെക്കുറിച്ച്‌ 
ജാഗ്രതപ്പെടുത്തിയ പണ്ഡിതൻ : ഡോ. തോമസ്‌ ഐസക്‌



കൊച്ചി കേരളവികസന അനുഭവങ്ങളുടെ ഭാവിപാത സംബന്ധിച്ച് പ്രവചനാത്മക ഉൾക്കാഴ്‌ചയോടെ ജാഗ്രതപ്പെടുത്തിയ സാമ്പത്തികശാസ്‌ത്ര  പണ്ഡിതനായിരുന്നു പ്രൊഫ. കെ കെ ജോർജ് എന്ന്‌ മുൻ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. കേരള വികസനപാതയുടെ പരിമിതികൾ എന്ന, പ്രൊഫ. ജോർജിന്റെ ജാഗ്രതപ്പെടുത്തൽ കേരളം എക്കാലവും കൃതജ്ഞതാപൂർവം സ്മരിക്കുമെന്നും അനുശോചനക്കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും പൊതുവിതരണത്തിലുമെല്ലാം  ഊന്നുന്ന രീതിയുടെ സ്ഥായിത്വത്തിന് സർക്കാരിന്റെ തുടർ മുതൽമുടക്ക് അനിവാര്യമാണെന്നും അതിനുള്ള സാമ്പത്തികശേഷി സർക്കാർ കൈവരിക്കേണ്ടത് അനിവാര്യമാണെന്നുമുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങൾ കൂടുതൽ പ്രസക്തമാകുന്ന ഘട്ടത്തിലാണ് പ്രൊഫ. ജോർജ് വിടവാങ്ങുന്നത്. കേന്ദ്ര–-സംസ്ഥാന സാമ്പത്തികബന്ധങ്ങളെ സംബന്ധിച്ച് അഗാധ പാണ്ഡിത്യമുള്ള ജോർജ്, അശോക് മിത്രയുടെയും പ്രൊഫ. ഗുലാത്തിയുടെയും പിന്മുറക്കാരനായി ചാഞ്ചല്യമില്ലാതെ സംസ്ഥാനങ്ങളുടെ പക്ഷംചേർന്ന്‌ നിന്നു.  കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ്‌ എൻവയോൺമെന്റൽ സ്റ്റഡീസ് (സിഎസ്‌ഇഎസ്‌) അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന് നിദാനമാണ്.  അക്കാദമികനിഷ്ഠയുള്ള പുതുതലമുറ ഗവേഷകസംഘത്തെ വാർത്തെടുത്തു.  15–--ാംധനകമീഷന്റെ പരിഗണനാ വിഷയങ്ങളും ധനവിന്യാസ ഫോർമുലയും   വിശകലനങ്ങളും പ്രസക്തമായി നിലകൊള്ളുകയാണ്. പ്രൊഫ. ജോർജിനോട് കേരളം കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ  സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായും തോമസ്‌ ഐസക്‌ കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News