ഹൈബി ഈഡൻ ഡിവൈഎഫ്‌ഐക്കെതിരെ നൽകിയ മാനനഷ്ടക്കേസ്‌ തള്ളി



കൊച്ചി> ഡിവൈഎഫ്‌ഐക്കെതിരെ ഹൈബി ഈഡൻ എംപി നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. സോളാർ കേസിൽ ആരോപണ വിധേയയായ സ്ത്രീയെയും ഹൈബി ഈഡനെയും ചേർത്ത് ഡിവൈഎഫ്‌ഐ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. എന്നാൽ, ഹൈബി ഈഡനും സാക്ഷികളും നൽകിയ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും പരസ്പരബന്ധമില്ലാത്തതാണെന്നും കണ്ടെത്തിയ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതി കേസ്‌ തള്ളുകയായിരുന്നു. 2015 ഏപ്രിൽ ഇരുപത്തേഴിനാണ്‌ സംഭവം. നഗരത്തിൽ ഡിവൈഎഫ്ഐ ഭാരവാഹികൾ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പതിച്ച് തനിക്ക്‌ മാനഹാനിയുണ്ടാക്കിയെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട്‌ ഹൈബി ഈഡൻ കേസ് ഫയൽ ചെയ്തു. ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക്, എറണാകുളം നോർത്ത് മേഖലാ എന്നീ കമ്മിറ്റികൾക്കും ഭാരവാഹികളായ ആർ നിഷാദ് ബാബു, യു എ സലാം എന്നിവർക്കുമെതിരെയാണ്‌ കേസെടുത്തത്‌. നിരവധി രേഖകൾ ഹാജരാക്കുകയും സാക്ഷികളെ വിസ്തരിക്കുകയും ചെയ്തശേഷമാണ്‌ കോടതി കേസ്‌ തള്ളിയത്‌. പരാതിയിൽ പറയുന്ന തരത്തിൽ പോസ്റ്ററുകൾ പ്രിന്റ് ചെയ്തതിനും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനും തെളിവില്ലെന്നും ഭാവനയുടെ അടിസ്ഥാനത്തിൽ പ്രതികളെ ശിക്ഷിക്കാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന തന്നെ തോൽപ്പിക്കാനുള്ള സിപിഐ എമ്മിന്റെ പദ്ധതിയായിരുന്നു പോസ്റ്റർ പ്രചാരണമെന്നാണ് ഹൈബി ഈഡൻ ആരോപിച്ചത്. ഡിവൈഎഫ്ഐക്കുവേണ്ടി അഡ്വ. ഡി ജി വിപിൻ ഹാജരായി. Read on deshabhimani.com

Related News