കേന്ദ്ര അവഗണന : പ്രതിഷേധക്കോട്ട ഉയർത്തി എൽഡിഎഫ്‌



കൊച്ചി കേന്ദ്രസർക്കാർ നിത്യോപയോഗസാധനങ്ങളുടെ വിലയിൽ ജിഎസ്‌ടി ചുമത്തി വിലക്കയറ്റം രൂക്ഷമാക്കിയതിനെതിരെയും കിഫ്ബിയെ തകർക്കാനുള്ള ഗൂഢാലോചനയ്ക്കെതിരെയും കേരളത്തോടുള്ള അവഗണനയ്ക്കെതിരെയും എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിലും ധർണയിലും പ്രതിഷേധമിരമ്പി. മേനക ജങ്‌ഷനിൽനിന്ന്‌ എറണാകുളം ബിഎസ്‌എൻഎൽ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സിപിഐ സംസ്ഥാന അസിസ്‌റ്റന്റ്‌ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളുടെ നികുതി പിരിക്കാനുള്ള അവകാശത്തെ കേന്ദ്രം കൈയടക്കിവച്ചിരിക്കുകയാണെന്ന്‌ സത്യൻ മൊകേരി പറഞ്ഞു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നികുതിവരുമാനം കുറയാൻ ഇത്‌ കാരണമായി. രാഷ്‌ട്രീയ വിവേചനത്തോടെയാണ്‌ കേന്ദ്രം പെരുമാറുന്നത്‌. സ്വതന്ത്രമായി പ്രവർത്തിക്കുന്ന കിഫ്‌ബി സംവിധാനത്തെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നു. ബിജെപിയോട്‌ വിയോജിപ്പുള്ള സംസ്ഥാനങ്ങളിൽ ഗവർണറെ ഉപയോഗിച്ച്‌ നിയമസഭയുടെയും ക്യാബിനറ്റിന്റെയും പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയാണ്‌. നിയമസഭയ്‌ക്ക്‌ മുകളിലുള്ള സ്ഥാപനമായി ഗവർണർ പ്രവർത്തിക്കുന്നതായും സത്യൻ മൊകേരി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോൺ ഫെർണാണ്ടസ്‌ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി പി രാജു, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്, ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്‌, കോൺഗ്രസ് എസ് സംസ്ഥാന ട്രഷറർ അനിൽ കാഞ്ഞിലി, എൻസിപി ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൾ അസീസ്, ജനാധിപത്യ കേരള കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് പൗലോസ് മുടക്കന്തല, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് എൻ എ മുഹമ്മദ് നജീബ്, കേരള കോൺഗ്രസ്‌ ബി ജില്ലാ പ്രസിഡന്റ്‌ പോൾ വർഗീസ്‌ എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി സ്വാഗതവും സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News