പ്രതിദിനം 500 രോഗികൾ; നമ്മൾ അപകടമുനമ്പിൽ



സമ്പർക്കരോഗികളുടെ എണ്ണം കുത്തനെ ഉയർന്ന്‌ അതിവ്യാപനത്തിൽ എത്തിയതോടെ സംസ്ഥാനം കോവിഡ്‌ സമൂഹവ്യാപനത്തിലേക്ക്‌. സ്രോതസ്സ്‌ അറിയാത്ത രോഗികളും വർധിക്കുകയാണ്‌. തിരുവനന്തപുരത്തിനും മലപ്പുറത്തിനുമൊപ്പം മറ്റ്‌ ജില്ലകളിലും സ്ഥിതി രൂക്ഷമാകുന്നതായി ശനിയാഴ്‌ചത്തെ കണക്ക്‌ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ പുതിയ രോഗികൾ (87) റിപ്പോർട്ട്‌ ചെയ്‌ത ആലപ്പുഴ ജില്ലയിൽ 51 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. പൂന്തുറയിൽ നടത്തിയ 1366 ആന്റിജൻ പരിശോധനയിൽ 262 എണ്ണം പോസിറ്റീവാണ്‌. സമ്പർക്കത്തിലൂടെ പല മേഖലകളിലും രോഗവ്യാപനമുണ്ടാകുന്ന മലപ്പുറം ജില്ല അതീവ ജാഗ്രതയിലാണ്. അതിവ്യാപനം‌ യാഥാർഥ്യമായിക്കഴിഞ്ഞെന്നും ഇനി സമൂഹവ്യാപനത്തിലേക്ക്‌ എപ്പോൾ നീങ്ങുമെന്നുമാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വളരെ കരുതലോടെ അത്‌ ഒഴിവാക്കാനാണ്‌  ശ്രമിക്കേണ്ടത്‌. നാടിന്റെ സുരക്ഷയാണ്‌ പ്രധാനം എന്നോർത്ത്‌ കൂട്ടായി നിൽക്കാനാണ്‌ എല്ലാവരും ശ്രമിക്കേണ്ടത്‌. വൈറസ് ബാധിതരിൽ സിംഹഭാഗവും ഒരു ലക്ഷണവും കാണിക്കുന്നില്ല എന്നത്‌ വലിയ വെല്ലുവിളിയാണ്‌. ആരോഗ്യമുള്ളവരിലൂടെ, ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ കോവിഡ് പടരുന്ന അവസ്ഥയുണ്ടായാൽ വലിയ ബുദ്ധിമുട്ടാകും. അതുകൊണ്ട്  രോഗം പ്രത്യക്ഷപ്പെടുമ്പോൾത്തന്നെ കഴിയുന്നത്ര രോഗികളെ പരിശോധിച്ച്‌ കണ്ടെത്തേണ്ടതുണ്ട്. ഇതിനോട് എല്ലാവരും പൂർണമനസ്സോടെ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.     Read on deshabhimani.com

Related News