അന്ന്‌ അരക്കച്ച അഴിപ്പിച്ചു; 
ഇന്ന്‌ മുതലക്കണ്ണീർ



തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനെ കുറ്റപ്പെടുത്തുന്നത്, പ്രതിഷേധം ഭയന്ന്‌ ആദിവാസി സ്ത്രീകളുടെ അരക്കച്ച അഴിപ്പിച്ചവർ. 2011ൽ ഉമ്മൻചാണ്ടി അധികാരത്തിലേറി ഒരുവർഷം തികയുംമുമ്പാണ്‌ വയനാട്ടിലെ ആദിവാസി സ്ത്രീകളുടെ അരയിൽ കെട്ടിയിരുന്ന കച്ച അഴിപ്പിച്ചത്‌. പറയത്തക്ക പ്രതിഷേധമില്ലാത്ത കാലത്ത്‌ മാവോയിസ്റ്റ്‌ ഭീഷണിയെന്ന പേരുപറഞ്ഞായിരുന്നു നടപടി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രത്യേക പരിശീലനം നേടിയ കമാൻഡോകളാണ്‌ അനുഗമിച്ചിരുന്നത്‌. മലപ്പുറം പാണ്ടിക്കാട്‌ ക്യാമ്പിൽനിന്ന്‌ 60 ഐആർബി സ്കോർപിയോൺ കമാൻഡോകളെ നിയോ​ഗിച്ചു. ഇതിൽ 15 പേർ തോക്കേന്തിയാണ്‌ സുരക്ഷ ഒരുക്കിയത്‌. ആ വാർത്ത തമസ്കരിക്കാനും മൂടിവയ്‌ക്കാനും ശ്രമിച്ച മാധ്യമങ്ങൾ ശനിയാഴ്‌ച കറുത്ത മാസ്‌കും വസ്ത്രവും വിലക്കിയെന്ന വ്യാജവാർത്തയുമായി രംഗത്തെത്തി. ഇത്തരത്തിൽ ഒരുവിലക്കും ഒരിടത്തുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ വാഹനവും സുരക്ഷാ ചുമതലയുള്ള കമാൻഡോകളുടെ വസ്ത്രവുമടക്കം കറുപ്പാണ്‌. അതേസമയം, കരിങ്കൊടി കാണിക്കാനെന്ന രൂപേണ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ബിജെപിയും യുഡിഎഫും ലക്ഷ്യമിട്ടിട്ടുണ്ട്‌. തീവ്രവാദ ​ഗ്രൂപ്പുകളിൽ നിന്നടക്കം സുരക്ഷാ ഭീഷണിയുള്ളതായി കേന്ദ്ര ഏജൻസികളും റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചത്.   Read on deshabhimani.com

Related News