മുംബൈയിൽനിന്ന്‌ വന്ന 4 പേരടക്കം 7 രോഗികൾ ; ചികിത്സയിലുള്ളത് 27 പേർ



തിരുവനന്തപുരം അതിർത്തിയിലൂടെ ആൾക്കാരെ നിർബാധം കടത്തിവിടണമെന്ന ചിലരുടെ ആവശ്യം ശക്തമാകുന്നതിനിടെ, പുറത്തുനിന്നുവന്ന ആറുപേർക്ക്‌ കൂടി കോവിഡ്‌. വയനാട്ടിൽ കുഞ്ഞിന്‌ സമ്പർക്കത്തിലൂടെയും രോഗബാധ. 11 മാസം പ്രായമുള്ള കുഞ്ഞിനാണ്‌ കോവിഡ്‌. കോവിഡ്‌ രോഗിയായ ഡ്രൈവറുടെ  മകളുടെ മകനാണ്‌. മഹാരാഷ്ട്രയിൽനിന്ന്‌ മഞ്ചേശ്വരം അതിർത്തി വഴിവന്ന നാല്‌ കാസർകോട്ടുകാർക്കും ചെന്നൈയിൽ നിന്നെത്തിയ പാലക്കാട്ടുകാരനും കുവൈത്തിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കുമാണ്‌ രോഗബാധ. 178 രോഗികളെ വരെ ചികിത്സിച്ച്‌ കോവിഡ്‌ മുക്ത ജില്ലയായ കാസർകോട്‌ ജില്ലയിൽ വീണ്ടും നാലു രോഗികളായി. സംസ്ഥാനത്ത്‌ 27 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 489 പേർ ഇതുവരെ രോഗമുക്തി നേടി. വിവിധ ജില്ലകളിലായി 27,986 പേർ നിരീക്ഷണത്തിലുണ്ട്‌. 27,545 പേർ വീട്ടിലും 441 പേർ ആശുപത്രികളിലും. തിങ്കളാഴ്‌ച 187 പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  37,858 സാമ്പിൾ അയച്ചതിൽ ലഭ്യമായ 37,098 പരിശോധനാഫലവും നെഗറ്റീവാണ്. തിങ്കളാഴ്‌ച വരെ 1307 പേരാണ് വിദേശത്തുനിന്ന്‌ വന്നത്. ഇതിൽ 650 പേർ വീട്ടിലും 641 പേർ കോവിഡ് കെയർ സെന്ററിലും 16 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 229 പേർ ഗർഭിണികളാണ്. Read on deshabhimani.com

Related News