രാഷ്ട്രപതിക്ക്‌ ഡി ലിറ്റ്‌; ആവശ്യപ്പെട്ടതായി സമ്മതിച്ച്‌ ഗവർണർ



തിരുവനന്തപുരം രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‌ ഡി ലിറ്റ്‌ നൽകണമെന്ന്‌ കേരള സർവകലാശാല വിസി ഡോ. വി പി മഹാദേവൻപിള്ളയോട്‌ ആവശ്യപ്പെട്ടിരുന്നതായി ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ മാധ്യമങ്ങളോട്‌ സമ്മതിച്ചു. മറുപടിയായി വിസി തനിക്കു നൽകിയ കത്തിലെ ഭാഷ കണ്ട്‌ ഞെട്ടിയെന്നും ഗവർണർ പറഞ്ഞു. ഞെട്ടലിൽനിന്ന് മോചിതനാകാൻ 10 മിനിറ്റെടുത്തത്രേ. എന്നാൽ, വിസിയുടെ പേരിൽ വെള്ളക്കടലാസിൽ കത്ത്‌ എഴുതിവാങ്ങാനുള്ള സാഹചര്യമെന്തെന്ന്‌ ഗവർണറോ കേരള വിസിയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡിസംബർ 21ന്‌ കേരളത്തിലെത്തുന്ന രാഷ്ട്രപതിക്ക്‌ ഡി ലിറ്റ്‌ നൽകണമെന്ന്‌ ഒരാഴ്‌ചമുമ്പ്‌ ഫോണിലാണ്‌ ഗവർണർ കേരള വിസിയോട്‌ ആവശ്യപ്പെട്ടത്‌. ഡി ലിറ്റ്‌ നൽകാനുള്ള ചട്ടങ്ങൾ പൂർത്തിയാക്കാൻ ഈ സമയം പോരെന്നും ഇത്‌ ലംഘിച്ച്‌ ഡി ലിറ്റ്‌ നൽകുന്നത്‌ അനുചിതമാകുമെന്നും അറിയിച്ചതിലാണ്‌ ഗവർണർ ഞെട്ടൽ രേഖപ്പെടുത്തിയതെന്ന്‌ സർവകലാശാല വൃത്തങ്ങൾ അറിയിച്ചു. ഡി ലിറ്റ്‌ നൽകേണ്ടത്‌ സർവകലാശാല സെനറ്റാണ്‌. നടപടിക്രമങ്ങളുടെ ഭാഗമായി സെനറ്റ്‌ യോഗം ചേർന്ന്‌ ബിരുദദാനം തീരുമാനിക്കുകയും ഇത്‌ അവാർഡ്‌ ചെയ്യാൻ വീണ്ടും സെനറ്റ്‌ ചേരേണ്ടതുമുണ്ട്‌. ഡി ലിറ്റ്‌ നൽകുംമുമ്പ്‌ രാഷ്ട്രപതിഭവന്റെയും അനുമതി വേണം. രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ നേരത്തേ പഞ്ചാബിലെ സർവകലാശാലയുടെ ഡി ലിറ്റ്‌ നിരസിച്ചിട്ടുമുണ്ട്‌. ഈ പശ്ചാത്തലത്തിലാണ്‌ വിസി നിയമപ്രശ്‌നങ്ങൾ ഗവർണറെ അറിയിച്ചത്‌. സിൻഡിക്കറ്റ്‌ യോഗം വിളിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും വിസി എതിർത്തതിനെത്തുടർന്ന്‌ സർക്കാരുമായി ബന്ധപ്പെട്ടിരുന്നതായും ഗവർണർ പറഞ്ഞു. പ്രതിപക്ഷം തനിക്കെതിരെ തിരിയുന്നത്‌ നിലനിൽപ്പിനുവേണ്ടിയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഇടപെട്ടിട്ടില്ല: മന്ത്രി ഡി ലിറ്റ്‌ വിവാദത്തിൽ സർക്കാർ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന്‌ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. ചാൻസലറും വിസിയും നടത്തിയ ആശയവിനിമയങ്ങളിലൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന്‌ സമ്മർദമോ ഇടപെടലോ ഉണ്ടായിട്ടില്ല–- മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News