ബാര്‍ കൗണ്‍സിലില്‍ വനിതാപ്രാതിനിധ്യം ഉറപ്പാക്കണം: പി രാജീവ്



കൊച്ചി രാജ്യത്തിന് മാതൃകയാകുന്ന വിധം കേരളത്തിലെ ബാർ കൗൺസിലിൽ വനിതാപ്രാതിനിധ്യം ഉറപ്പാക്കണമെന്ന്  നിയമമന്ത്രി പി രാജീവ്. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ വിമെൻ ലോയേഴ്സ് കമ്മിറ്റി ഡിസ്ട്രിക്ട് കോർട്ട് യൂണിറ്റും എറണാകുളം സെന്റ്‌ തെരേസാസ് കോളേജും ദിശയും ചേർന്ന് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര  ‘ലിംഗനീതിയും നിയമവും’  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ബാർ കൗൺസിലുകളിൽ രണ്ടുശതമാനം വനിതകളാണുള്ളത്. വിവിധ മേഖലകളിൽ സ്ത്രീമുന്നേറ്റം നടത്തുന്ന കേരളത്തിലെ ബാർ കൗൺസിലിലെ അവസ്ഥയും ഇതാണ്. 2.6 ശതമാനമാണ് വനിതാപ്രാതിനിധ്യം. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. കേരള ഹൈക്കോടതി പ്ലീഡർമാരിൽ 32 ശതമാനം വനിതകളുണ്ട്. ഇത് 50 ശതമാനത്തിലേക്കുയരണം. സ്വാതന്ത്ര്യം കിട്ടി നാലുദശകങ്ങൾക്കുശേഷമാണ് സുപ്രീംകോടതിയിൽ ആ​ദ്യ വനിതാ ജഡ്ജി ചുമതലയേൽക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75–--ാംവാർഷികം ആഘോഷിക്കുമ്പോഴും വനിതാ ചീഫ് ജസ്റ്റിസുണ്ടായിട്ടില്ലയെന്നതാണ് ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ അവസ്ഥ. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ 2027ലെങ്കിലും വനിതാ ചീഫ് ജസ്റ്റിസിനെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഹൈക്കോടതികളിൽ 11.5ഉം കീഴ് കോടതിയിൽ 30 ശതമാനവുമാണ് വനിതാപ്രാതിനിധ്യം. നീതിന്യായ സംവിധാനത്തിനകത്ത് നിലനിൽക്കുന്ന ഈ അവസ്ഥ മാറേണ്ടതുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.‌‌‌‌ അഡ്വ. കെ ജി മേരി അധ്യക്ഷയായി. പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ്‌ ആൻഡ് സെഷൻസ് ജഡ്ജ് സി എസ് സുധ, നാഷണൽ ജൂഡിഷ്യൽ അക്കാദമി മുൻ ഡയറക്ടർ ഡോ. ജി മോഹൻ ​ഗോപാൽ, ഡോ. സിസ്റ്റർ വിനിത, അഡ്വ. സി പി പ്രമോദ്, അഡ്വ. അനിൽ എസ് രാജു, അഡ്വ. കെ കെ നാസർ, ഡോ. ലിസി മാത്യു, അഡ്വ. ഐഷ പോറ്റി, അഡ്വ. ലത ടി തങ്കപ്പൻ, അഡ്വ. എൻ മനോജ് കുമാർ, ദിശ കേരള സ്ഥാപകൻ ദിനു, അഡ്വ. എൻ സി മോഹൻ, അഡ്വ. കെ കെ സാജിത, അഡ്വ. മായ കൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News