വന്ധ്യംകരിച്ച 
നായ പ്രസവിച്ചെന്ന 
വാർത്ത തെറ്റെന്ന്‌ വിദഗ്‌ധർ



കോഴിക്കോട്‌ കോഴിക്കോട്‌ നഗരത്തിൽ വന്ധ്യംകരിച്ച തെരുവ്‌ നായ പ്രസവിച്ചെന്ന്‌ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന്‌ മൃഗരോഗ വിദഗ്‌ധർ. കോർപറേഷൻ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന എബിസി(ആനിമൽ ബർത്ത്‌ കൺട്രോൾ) പദ്ധതിയിൽ വന്ധ്യംകരിക്കുന്ന നായകൾ പിന്നീട്‌ ഗർഭധാരണം നടത്താൻ ഒരു സാധ്യതയുമില്ലെന്ന്‌ വെറ്ററിനറി ഓഫീസർ ഡോ. വി എസ്‌ ശ്രീഷ്‌മ പറയുന്നു. നായയുടെ ഗർഭപാത്രവും അണ്ഡാശയവും നീക്കിയാണ്‌ വന്ധ്യംകരിക്കുന്നത്‌.   ഓരോ ദിവസവും  ശസ്‌ത്രക്രിയക്ക്‌ ശേഷം ഗർഭപാത്രവും അണ്ഡാശയവും  മാറ്റി ഫോർമാലിൻ ലായനിയിൽ ഇട്ട്‌ വെയ്‌ക്കും. ഇതിന്റെ  എണ്ണമെടുക്കുന്നതിൽ  ആവർത്തനം വരാതിരിക്കാനും തെറ്റുകൾ ഒഴിവാക്കാനുമായി നടപടികളെല്ലാം  വീഡിയോ റെക്കൊർഡ്‌ ചെയ്യുന്നുണ്ട്‌. പട്ടിക അനുസരിച്ചുള്ള  എല്ലാ നായകളെയും  വന്ധ്യംകരണ നടപടി പൂർണമായി നടത്തിയാണ്‌   എബിസി സെന്ററിൽനിന്ന്‌ പുറത്ത്‌ വിടുന്നതെന്ന്‌  വീഡിയോകളിൽ നിന്ന്‌ വ്യക്തമാകുമെന്ന്‌ അധികൃതർ പറഞ്ഞു.   ഫ്രാൻസിസ്‌ റോഡിൽ വന്ധ്യംകരിച്ച നായയുടെ കൂടെ  നായക്കുട്ടികൾ  ഉണ്ടെന്ന രീതിയിലാണ്‌ ഒരു ചാനലിൽ വാർത്ത വന്നത്‌.   ഈ നായക്കുഞ്ഞുങ്ങൾ കാഴ്‌ചയിൽ  രണ്ട്‌ മാസം പ്രായമായതാണ്‌.  വന്ധ്യംകരിക്കുന്നതിന്‌ മുമ്പ്‌ പ്രസവിച്ചതാകാനാണ്‌ ഒരു സാധ്യത. ഇതുൾപ്പടെ  പരിശോധിച്ച്‌ വ്യക്തത വരുത്താനായി തിങ്കളാഴ്‌ച   ഈ ഭാഗത്ത്‌ കൂട്‌ വെച്ച്‌ പിടിച്ച്‌ നായയെ പരിശോധിക്കുമെന്നും  ഡോ. വി എസ്‌ ശ്രീഷ്‌മ അറിയിച്ചു. Read on deshabhimani.com

Related News