അപേക്ഷ നിരസിച്ചെന്ന പരാതി ; വിദഗ്‌ധ സമിതി നാളെ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ നൽകും



സ്വന്തം ലേഖകൻ എൽപി, യുപി അധ്യാപക തസ്തികകളിലേക്കുള്ള പരീക്ഷയ്‌ക്ക്‌ ചില ഉദ്യോഗാർഥികളുടെ അപേക്ഷ നിരസിക്കപ്പെട്ടെന്ന പരാതിയെക്കുറിച്ച്‌ പിഎസ്‌സി നിയോഗിച്ച വിദഗ്‌ധ സമിതി സാങ്കേതിക പരിശോധന പൂർത്തിയാക്കി. ഇതുസംബന്ധിച്ച്‌ വെള്ളിയാഴ്‌ച പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ സമർപ്പിക്കും. പരിശോധിച്ചശേഷം ഉചിതമായ നടപടി പിഎസ്‌സി സ്വീകരിക്കും. ഒരു ലക്ഷത്തോളം അപേക്ഷയിൽ നൂറിൽപ്പരമാണ്‌ നിരസിക്കപ്പെട്ടെന്ന ആക്ഷേപമുണ്ടായത്‌. പിഎസ്‌സി വെബ്‌സൈറ്റിൽ വന്ന സാങ്കേതികപ്പിഴവാണെങ്കിൽ നിരവധി ഉദ്യോഗാർഥികളെ ബാധിക്കേണ്ടതാണ്‌. ഓൺലൈൻ പ്രൊഫൈൽവഴി സമർപ്പിച്ച അപേക്ഷ പിന്നീട്‌ നിരസിക്കപ്പെട്ടെന്നാണ്‌ ഉദ്യോഗാർഥികളുടെ പരാതി. സ്വതന്ത്രമായ പരിശോധനയ്‌ക്കായാണ്‌ പുറത്തുനിന്നുള്ള വിദഗ്‌ധർ ഉൾപ്പെടുന്ന സമിതിയെ നിയോഗിച്ചത്‌. സി–- ഡിറ്റ്‌, സി–- ഡാക്, കോളേജ്‌ ഓഫ്‌ എൻജിനിയറിങ്‌ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നുള്ള വിദഗ്‌ധരടങ്ങുന്ന സമിതി ബുധനാഴ്‌ച പിഎസ്‌സിയുടെ സാങ്കേതികവിഭാഗത്തിന്റെ സാന്നിധ്യത്തിൽ അപേക്ഷ സമർപ്പിച്ചതിലെ പോരായ്‌മയാണോ പ്രശ്‌നകാരണമെന്നും പരിശോധിച്ചു. വിശദമായ വിലയിരുത്തലിനുശേഷമാകും റിപ്പോർട്ട്‌ സമർപ്പിക്കുക. Read on deshabhimani.com

Related News