കള്ളക്കടത്തുകാരെ രക്ഷിക്കാൻ കോൺഗ്രസും ബിജെപിയും ഒരുസംഘം മാധ്യമങ്ങളും ; പിന്നിൽ രാഷ്ട്രീയ സാമ്പത്തിക താൽപ്പര്യം



രാഷ്ട്രീയ- സാമ്പത്തിക താൽപ്പര്യങ്ങളോടെ കോൺഗ്രസും ബിജെപിയും ഒരു സംഘം മാധ്യമങ്ങളും പുകമറ സൃഷ്ടിച്ച് സ്വർണക്കള്ളക്കടത്ത് എന്ന അടിസ്ഥാന പ്രശ്‌നത്തിൽനിന്നു ശ്രദ്ധതിരിച്ചുവിടുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്  വ്യക്തമാക്കി. ആരാണ് സ്വർണം കടത്തിയത്, ആർക്കുവേണ്ടിയാണ് ചെയ്തത്, എത്രകാലമായി ഇതുതുടരുന്നു, സഹായിക്കുന്നത്‌ ആരൊക്കെ, ആർക്കെല്ലാമാണ് പ്രയോജനം എന്നിവയാണ് അടിസ്ഥാന ചോദ്യങ്ങൾ. ഈ ചോദ്യങ്ങളിലേക്ക് കടക്കാതിരിക്കുന്നതിനുള്ള അതീവജാഗ്രതയാണ് ഈ സംഘം നടത്തുന്നത്. കള്ളക്കടത്ത് സ്വർണം വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥനെ ആദ്യം വിളിച്ചത്‌ ബിഎംഎസ് നേതാവാണെന്ന് വ്യക്തമായി. ഇതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നാണ് വിളിച്ചതെന്ന്‌ ആരോപിച്ചത്. ബിജെപിക്ക്‌ കൂട്ടുനിൽക്കുകയാണ് യുഡിഎഫ്‌. ഒരു ബന്ധവുമില്ലാത്ത സംസ്ഥാനസർക്കാരിനെയും ഇടതുപക്ഷത്തെയും പ്രതിക്കൂട്ടിലാക്കാൻ കഴിയുമോയെന്ന വിഫലശ്രമമാണ്‌ നടക്കുന്നത്.  സ്വർണക്കള്ളക്കടത്തിന്റെ 98 ശതമാനവും പിടിക്കപ്പെടാതെ പോകുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ട മാധ്യമങ്ങളിൽ ഒരു വിഭാഗം കള്ളവാർത്തകളിലൂടെ ശ്രദ്ധതിരിച്ചുവിടുകയാണ്‌.   മുഖ്യമന്ത്രിയെ സംശയത്തിന്റെ മുനയിൽ നിർത്താനായി കള്ളചിത്രമുണ്ടാക്കിയത് കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ചാനലാണ്. ബിജെപിക്കാരനായ സന്ദീപ് നായർ സിപിഐ എമ്മുകാരനാണെന്ന് വരുത്തി തീർക്കാൻ ഏഷ്യാനെറ്റും മനോരമ ചാനലും എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ നൽകി. ഇതു പിടികൂടിയിട്ടും ഖേദം പ്രകടിപ്പിക്കാൻ തയ്യാറായില്ല. ബിഎംഎസ് നേതാവിന്റെ ബന്ധം പുറത്തുവന്നിട്ടും വാർത്തയിൽ ട്രേഡ്‌യൂണിയൻ നേതാവ് എന്നുമാത്രം ഉപയോഗിച്ച് രക്ഷിക്കാനും മനോരമ പത്രം ജാഗ്രത കാട്ടി. ഇതെല്ലാം കാണിക്കുന്നത് പ്രതികളെ രക്ഷപ്പടുത്തുന്നതിനും ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്തുന്നതിനും ഈ മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും ചേർന്ന് ശ്രമിക്കുന്നുവെന്നാണ്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും കിട്ടിയ അഭൂതപൂർവമായ ജനപിന്തുണ ഇവരെ വെപ്രാളപ്പെടുത്തുന്നുണ്ട്. ഇത്‌ തിരിച്ചറിയാനും കേസ് അട്ടിമറിക്കാനുമുള്ള ആസൂത്രിത ശ്രമത്തെ ചെറുത്തുതോൽപ്പിക്കാനും ജനങ്ങൾ തയ്യാറാകണമെന്ന് സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു. Read on deshabhimani.com

Related News