ആത്മവിശ്വാസത്തിൽ മുളയ്ക്കുന്ന വിത്തുകൾ



കളമശേരി ലോക്ക്‌ഡൗൺ സൃഷ്ടിച്ച വറുതിയെ മണ്ണിൽച്ചവിട്ടിനിന്ന്‌ നേരിടാനുറച്ച മൂവർസംഘത്തിന്റെ തീരുമാനം വെറുതെയായില്ല. കാരണം, അവർ തുടങ്ങിവച്ചത് ജൈവകൃഷി മാത്രമല്ല, പുതിയ പ്രതീക്ഷകൾകൂടിയാണ്‌. കൊങ്ങോർപ്പിള്ളിക്കാരൻ കെ വി ആന്റണിയും വരാപ്പുഴ സ്വദേശി സാജു പി തോമസും കളമശേരിയിലെ സുജിത് ഈപ്പൻ എബ്രഹാമും ചേർന്ന് ഏലൂരിൽ ഓരേക്കർ ഭൂമി വാടകയ്‌ക്കെടുത്ത് ഹരിതവിപ്ലവത്തിന് തിരി തെളിക്കുകയാണിപ്പോൾ.  ആന്റണി ഫാക്ടിലെ തൊഴിലാളിയായിരുന്നു. മാർച്ചിൽ പിരിഞ്ഞു. ലോക്ക്‌ഡൗൺ കൂടിയായപ്പോൾ ഒന്ന് പകച്ചു. ഉപജീവനത്തിന്‌ എന്തെങ്കിലും ചെയ്‌തേ പറ്റൂ. വിവാഹങ്ങളൊക്കെ മുടങ്ങിയതോടെ തൊഴിലില്ലാതായ ഫോട്ടോഗ്രാഫർ സാജുവും അതേ അവസ്ഥയിലുള്ള ഫിനാൻഷ്യൽ കൺസൾട്ടന്റ്‌ സുജിത്തും സമാനചിന്ത പങ്കുവച്ചത് അപ്പോഴാണ്‌. മൂവരും ചേർന്ന് മറ്റൊരു കൂട്ടുകാരൻ ഡോ. കിരൺ തളിയത്തിന്റെ ഒരേക്കർ ഭൂമി വാടകയ്‌ക്കെടുത്ത് ജൈവകൃഷിയെന്ന ആശയവുമായി മണ്ണിലേക്കിറങ്ങി. സർവസഹായങ്ങളും വാഗ്ദാനം ചെയ്ത് വാർഡ് കൗൺസിലറും നഗരസഭ പൊതുമരാമത്ത് സമിതി അധ്യക്ഷനുമായ എ ഡി സുജിലുമെത്തി. വർഷങ്ങളായി തരിശുകിടന്ന ഭൂമി ചുറ്റുവേലി കെട്ടി, ഉഴുതുമറിച്ച് ഒരുഭാഗത്ത് പച്ചക്കറി കൃഷിയിറക്കി. ജൈവവളം ഉപയോഗിച്ച് ഉണ്ടാക്കുന്ന പച്ചക്കറിയിനങ്ങൾക്ക് ആവശ്യക്കാരേറി. പിന്നാലെ കരനെൽക്കൃഷി തുടങ്ങി. കരുമാല്ലൂരിൽനിന്ന് ‘ജ്യോതി' നെൽവിത്ത് സംഘടിപ്പിച്ച് മുളപ്പിച്ചാണ് ഞാറ് ഒരുക്കിയത്. സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി കഴിഞ്ഞദിവസം നടീൽ ഉത്സവവും നടത്തി. കൃഷിപ്പണിക്ക് സഹായികളായി രണ്ട്‌ അസം സ്വദേശികളെ കിട്ടിയത്‌ വലിയ ആശ്വാസവുമായി. ഉടൻതന്നെ കോഴിക്കൃഷിയും കാടക്കൃഷിയും തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനുള്ള കൂടുകൾ തയ്യാറാക്കിക്കഴിഞ്ഞു. പ്രകൃതി ചതിച്ചില്ലെങ്കിൽ കൃഷികൊണ്ട് ജീവിതം പച്ചപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മൂവരും. Read on deshabhimani.com

Related News