പ്ലാസ്‌റ്റിക്‌ ശേഖരിക്കാൻ എത്തിയവർക്ക്‌ ദുരനുഭവം ; ഹരിതകർമസേനാംഗത്തെ നായയെ വിട്ട്‌ 
കടിപ്പിക്കാൻ ശ്രമം



അങ്കമാലി മഞ്ഞപ്ര പഞ്ചായത്ത് ഏഴാംവാർഡിൽ പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയ ഹരിതകർമസേനാംഗത്തെ നായയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സേനാംഗമായ ജിജി സാജുവിനാണ് ദുരനുഭവം ഉണ്ടായത്. വീട്ടുടമസ്ഥൻ ചിറയത്ത് ജസ്റ്റിൻ ആന്റണിക്കെതിരെ കാലടി പൊലീസിൽ പരാതി നൽകി. ചൊവ്വ വൈകിട്ട് നാലിന്‌ പ്ലാസ്റ്റിക് ശേഖരിക്കാൻ ജിജി സാജുവും മറ്റൊരു ഹരിതകർമസേനാംഗവും ജസ്‌റ്റിന്റെ വീട്ടിലെത്തിയപ്പോഴാണ്‌ നായയെ അഴിച്ചുവിട്ടത്‌. നായ ചാടിവന്നതോടെ ജിജി സമീപത്തെ വീട്ടിൽ ഓടിക്കയറി. തലകറങ്ങി വീഴുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയ ജിജിക്ക് രാത്രിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗവ. ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകി. സംഭവത്തെ തുടർന്ന് പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ ജസ്‌റ്റിന്റെ വീട്ടിലേക്ക് പ്രതിഷേധപ്രകടനം നടത്തി. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ അൽഫോൻസ ഷാജൻ, ബിനോയ് ഇടശേരി, വത്സലകുമാരി വേണു, ശാലിനി ബിജു, ടി എം റെജീന, എസ് രഞ്ജിനി, ബിന്ദു പോൾ എന്നിവർ സംസാരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News