ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികളെ 
ഉന്മൂലനം ചെയ്യും: തോമസ് ഐസക്



കൊച്ചി‌‌ ബ്ലൂ ഇക്കോണമിയിലൂടെ കടൽ കോർപറേറ്റുകൾക്ക് പതിച്ചുനൽകി മത്സ്യത്തൊഴിലാളികളെ ഉന്മൂലനം ചെയ്യാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്. മത്സ്യത്തൊഴിലാളികളെ തകർക്കുന്ന ബ്ലൂ ഇക്കോണമിക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ‘ബ്ലൂ ഇക്കോണമിയും മത്സ്യമേഖലയും’ എന്ന വിഷയത്തിൽ ഓച്ചന്തുരുത്ത് സഹകരണ ബാങ്ക്‌ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീൻപിടിത്തത്തിന്റെ ചെലവ് വർധിക്കുമ്പോഴും മീൻസമ്പത്തിൽ വർധനയുണ്ടാകുന്നില്ലയെന്നതാണ് മത്സ്യമേഖല നേരിടുന്ന പ്രതിസന്ധി. ഇത് പരിഹരിക്കാൻ മാർ​ഗം കണ്ടെത്തേണ്ടതാണ്. എന്നാൽ, കേന്ദ്രസർക്കാർ ഇതിന്റെ എതിർദിശയിലൂടെയാണ് സ‍ഞ്ചരിക്കുന്നത്. നിലവിൽ ലഭ്യമായ മീനിന്റെ (35 ലക്ഷം ടൺ) അത്രയും മീൻകൂടി മാരികൾച്ചറിലൂടെ പിടിച്ചെടുക്കാൻ കോർപറേറ്റുകൾക്ക് അനുവാദം നൽകുകയാണ്. മാരികൾച്ചർ യാഥാർഥ്യമായാൽ കുറഞ്ഞ വിലയുള്ള മീനുകൾ മീൻത്തീറ്റയായി മാറും. ഇതോടെ സാധാരണക്കാരന് മീൻ ലഭിക്കാത്ത സ്ഥിതിയാകും. മോദി സർക്കാർ ഇന്ത്യയുടെ ആഴക്കടലിലും തീരക്കടലിലും തീരമേഖലയിലും ഖനനം ചെയ്യാൻ ഇന്ത്യക്ക്‌ പുറത്തുള്ള കുത്തകകൾക്ക് അവകാശം കൊടുക്കുകയാണ്. കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച ഒഎൻജിസിയാണ് വിദേശ കോർപറേറ്റുകൾക്ക് അനുവാദം കൊടുക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനുള്ള അവകാശം വിദേശകുത്തകകൾക്ക് ലഭിക്കുമെന്ന് വ്യക്തമാണ്.  ഇന്ത്യയിൽ 50 ലക്ഷംപേർ മീൻപിടിത്തക്കാരാണ്. ബ്ലൂ ഇക്കോണമി നടപ്പാക്കിയാൽ ഇവർക്കുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് ഒരു പരാമർശവും കേന്ദ്രസർക്കാർ നടത്തിയിട്ടില്ല. നോർവേ, സ്വീഡൻ, ഡെൻമാർക്ക് എന്നിവിടങ്ങളിലേതുപോലെ മീൻപിടിക്കാനുള്ള അവകാശം മത്സ്യത്തൊഴിലാളികൾക്ക് മാത്രം നൽകാനാണ് കേരളം ശ്രമിക്കുന്നത്. മീൻപിടിത്ത ഉപകരണങ്ങളുടെ അവകാശം, പിടിക്കുന്ന മീൻ ആദ്യ വിൽപ്പന നടത്താനുള്ള അവകാശം എന്നിവ മത്സ്യത്തൊഴിലാളികൾക്ക് നൽകാനുള്ള ശ്രമം തുടരുകയാണ്. ഉപഭോക്താവ് നൽകുന്ന വിലയുടെ നല്ലൊരു പങ്ക് ഇടനിലക്കാരൻ കൊണ്ടുപോകുന്ന സ്ഥിതിയാണുള്ളത്. മത്സ്യത്തൊഴിലാളികൾക്ക് വിലകിട്ടുന്ന രീതിയിൽ വിപണനത്തിൽ വ്യത്യാസം വരണമെന്നും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News