എള്ളുമല ഇടിച്ചുനിരത്തി 
ഭൂമാഫിയ; പ്രതിഷേധം ശക്തം

പായിപ്രയിലെ എള്ളുമല സിപിഐ എം നേതാക്കൾ സന്ദർശിക്കുന്നു


മൂവാറ്റുപുഴ സംസ്ഥാന സർക്കാർ തീരുമാനത്തിന് വിരുദ്ധമായി ഭൂമാഫിയ മലയിടിച്ച് മണ്ണും കല്ലും കടത്തിയതിനെതിരെ പ്രതിഷേധം. പായിപ്ര എള്ളുമലയില 40 ഏക്കറോളം ഭാഗമാണ് ഇടിച്ചുനിരത്തിയത്. നടപടിയെടുക്കണമെന്ന് സ്ഥലം സന്ദർശിച്ച സിപിഐ എം നേതാക്കൾ ആവശ്യപ്പെട്ടു. പായിപ്ര ലോക്കൽ സെക്രട്ടറി ആർ സുകുമാരൻ, ബ്രാഞ്ച് സെക്രട്ടറി വി എച്ച് ഷെഫീഖ്‌, പി എം ബാബു, പി എസ് ബഷീർ, പി കെ റോബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. ഇതിനുസമീപത്തുള്ള പായിപ്ര സ്കൂൾപ്പടി -ത്രിവേണി റോഡ് പിഎംഎസ്‌ജിവൈ പദ്ധതിയിൽ നിർമിച്ചതാണ്. വലിയ ടിപ്പറുകളുൾപ്പെടെ ഭാരവണ്ടികൾ ഓടി റോഡ് സഞ്ചാരയോഗ്യമല്ലാതായി. കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലെ മുളവൂർ, അശമന്നൂർ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് എള്ളുമല. മൈനിങ്‌ ആൻഡ്‌ ജിയോളജി, റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മലയിടിക്കുന്നതെന്ന് സിപിഐ എം നേതാക്കൾ ആരോപിച്ചു. ഒരാഴ്ചയായി തുടരുന്ന മലയിടിക്കൽ  അറിഞ്ഞില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. മല ഇടിച്ചുനിരത്തിയത് അളന്ന് തിട്ടപ്പെടുത്തി പിഴയടപ്പിക്കണം. ഭൂമാഫിയ സംഘത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കലക്ടർ, റവന്യു സെക്രട്ടറി, ആർഡിഒ എന്നിവർക്ക് പരാതി നൽകുമെന്ന് ലോക്കൽ സെക്രട്ടറി ആർ സുകുമാരൻ അറിയിച്ചു. Read on deshabhimani.com

Related News