ഹെറോയിൻ കടത്ത്‌ : ലങ്കൻ ബോട്ടിനായി
തിരച്ചിൽ വ്യാപിപ്പിച്ചു



കാക്കനാട്‌ ഇന്ത്യൻ സമുദ്രാതിർത്തിയിൽ ഹെറോയിൻ കടത്താനെത്തിയ ശ്രീലങ്കൻ ബോട്ട്‌ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന്‌ നാർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ (എൻസിബി) ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ സഞ്‌ജയ്‌കുമാർ സിങ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊച്ചി തീരത്ത്‌ 1400 കോടി രൂപയുടെ ഹെറോയിനുമായി ബോട്ട്‌ പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ശ്രീലങ്കൻ ബോട്ടിനെക്കുറിച്ച്‌ വിവരം ലഭിച്ചത്‌. ആറുപേരാണ്‌ കഴിഞ്ഞദിവസം പിടിയിലായത്‌.  അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ പാകിസ്ഥാനിലേക്ക് എത്തിച്ച ഹെറോയിൻ പുറങ്കടലിൽ എത്തിച്ചാണ്‌ ഇറാനിൽ രജിസ്‌റ്റർ ചെയ്‌ത ബോട്ടിലേക്ക്‌ മാറ്റിയതെന്ന്‌ പ്രാഥമിക അന്വേഷണത്തിൽ വെളിവായി. ഇത്‌ ശ്രീലങ്കൻ ബോട്ടിലേക്ക്‌ കൈമാറാൻ വരുമ്പോഴാണ്‌ കൊച്ചി തീരത്തിനടുത്ത്‌ ബോട്ട്‌ പിടിയിലായത്‌. ശ്രീലങ്കൻ ബോട്ടിനെപ്പറ്റി ഇതുവരെ വിവരമില്ലെന്ന്‌ സഞ്‌ജയ്‌കുമാർ സിങ്‌ പറഞ്ഞു. അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ കടൽമാർഗം ഇന്ത്യയിലേക്ക്‌ ഹെറോയിൻ കടത്ത്‌ വർധിച്ചിട്ടുണ്ട്‌. ഇറാൻ, പാകിസ്ഥാൻ അതിർത്തിയിലുള്ള മക്രാൻ തീരത്ത്‌ എത്തിച്ച്‌ അവിടെനിന്ന്‌ ഇന്ത്യൻ മഹാസമുദ്രതീരമുള്ള ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക്‌ എത്തിക്കുന്നതാണ്‌ രീതി. ഇത്‌ തടയാൻ എൻസിബി നാവികസേന ഉൾപ്പെടെയുള്ളവയുമായി ചേർന്ന്‌ പ്രവർത്തിക്കുകയാണ്‌. ബോട്ടിൽനിന്ന്‌ പിടിച്ചെടുത്ത ഹെറോയിൻ വെള്ളം കടക്കാത്തനിലയിൽ 200 പാക്കറ്റുകളിലാണ്‌ സൂക്ഷിച്ചിരുന്നത്‌. ചിലതിൽ തേളിന്റെയും വ്യാളിയുടെയും രൂപത്തിലുള്ള സീൽ പതിപ്പിച്ചിരുന്നെന്ന്‌ സഞ്‌ജയ്‌കുമാർ സിങ്‌ പറഞ്ഞു. എൻസിബി സോണൽ ഡയറക്‌ടർ പി അരവിന്ദൻ, നാവികസേന ലഫ്‌റ്റനന്റ്‌ കമാൻഡർ പി എസ്‌ സജിൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News