വഴിമുട്ടി യുഡിഎഫ്‌ ; ചെന്നിത്തലയ്‌ക്കെതിരെ ഉമ്മൻചാണ്ടി



തിരുവനന്തപുരം രമേശ്‌ ചെന്നിത്തലയ്‌ക്കെതിരായ ഉമ്മൻചാണ്ടിയുടെ പടയൊരുക്കവും കേരള കോൺഗ്രസ്‌ ജോസ്‌ പക്ഷത്തിന്റെ വെല്ലുവിളിയും മുസ്ലിംലീഗ്‌ എംഎൽഎയുടെ തട്ടിപ്പ്‌ കേസും‌ യുഡിഎഫിനെ കടുത്ത പ്രതിസന്ധിയിലാക്കി. യുഡിഎഫ്‌ പിറവിയെടുത്തതുമുതൽ ഒപ്പംനിന്ന കെ എം മാണി പക്ഷത്തെ പിഴുതെറിഞ്ഞത് വലിയ തിരിച്ചടിയാകും. ജോസ്‌ പക്ഷത്തെ ഔദ്യോഗികമായി പുറത്താക്കിയെന്ന്‌ പറയാൻ മടിച്ചത്‌ ഇതിന്‌ തെളിവാണ്‌. ജോസ്‌ പക്ഷം പിന്നിൽനിന്ന്‌ കുത്തി എന്നൊക്കെയുള്ള രമേശ്‌ ചെന്നിത്തലയുടെ പരാമർശത്തിന്‌ അതേനാണയത്തിൽ തിരിച്ചടിച്ച്‌ ജോസ്‌ കെ മാണി രംഗത്ത്‌ വന്നു‌. യുഡിഎഫിൽ നിന്നപ്പോൾ കിട്ടിയ സ്ഥാനങ്ങൾ രാജിവയ്‌ക്കണമെന്ന ആവശ്യം തള്ളിയ ജോസ്‌ പക്ഷം ഒരു പടികൂടി കടന്ന്‌ തങ്ങളുടെ വോട്ടിൽ വിജയിച്ച സ്ഥാനങ്ങൾ ഒഴിയാൻ തയ്യാറുണ്ടോയെന്ന്‌ വെല്ലുവിളിച്ചു. ജോസ്‌പക്ഷം വിശ്വാസവഞ്ചന കാട്ടിയെന്ന ചെന്നിത്തലയുടെ ആരോപണത്തിന്‌ അത്‌ കേരള കോൺഗ്രസ്‌ സംസ്‌കാരമല്ലെന്ന മറുപടിയാണ്‌ ജോസ്‌ കെ മാണി നൽകിയത്‌. കേരള കോൺഗ്രസിന്റെ വഴിപിരിയൽ ഏതൊക്കെ തരത്തിൽ ആഘാതം ഏൽപ്പിക്കുമെന്ന ആകുലതയാണ്‌ യുഡിഎഫ്‌ നേതൃത്വത്തിന്‌‌.   എം സി ഖമറുദീൻ എംഎൽഎയുടെ ജ്വല്ലറി തട്ടിപ്പിൽ മുസ്ലിംലീഗ്‌ നേതാക്കൾക്കുള്ള പങ്കും വെളിച്ചത്തുവരികയാണ്‌.  ഈ സംഭവത്തിൽ വിശദീകരണം നൽകാനാകാതെ ലീഗ്‌ നേതൃത്വം കുഴങ്ങി‌. പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്‌തനാണ്‌ എം സി ഖമറുദീൻ. കാസർകോട്ടെ പ്രമുഖ ലീഗ്‌ നേതാവ്‌ പൂക്കോയ തങ്ങൾ അടക്കമുള്ളവർ അന്വേഷണ പരിധിയിലാണ്‌. സ്വർണക്കടത്ത്‌ കേസിൽ മുസ്ലിംലീഗ്‌ അണികളും നേതാക്കളും കൂട്ടത്തോടെ എൻഐഎ കസ്‌റ്റഡിയിലായതിന്‌ പിറകെയുള്ള ഈ കുരുക്ക്‌ ലീഗ്‌ നേതൃത്വത്തെയും സംശയനിഴലിലാക്കി. കേരളത്തിലേക്ക്‌ കളംമാറ്റാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം സ്വർണക്കടത്ത്‌, തട്ടിപ്പ്‌ കേസ്‌ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണെന്ന്‌ മറുപക്ഷം കാണുന്നു. കുഞ്ഞാലിക്കുട്ടിയോട്‌ കൂറുപുലർത്തുന്ന  വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ പാലാരിവട്ടം കേസിൽ നടപടിക്കും സാധ്യതയേറിയിട്ടുണ്ട്‌.  നേതൃപദവിയെ ചൊല്ലിയുള്ള കോൺഗ്രസിലെ കനൽ ആളിക്കത്താൻ തുടങ്ങിയിട്ടുണ്ട്‌. നിയമസഭാ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച്‌ ഉമ്മൻചാണ്ടി പരസ്യമായി രംഗത്ത്‌ വന്നതോടെ ചെന്നിത്തല അടിപതറിയ മട്ടിലാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനുണ്ടാകുമെന്ന്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ ഉമ്മൻചാണ്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുശേഷമുള്ള കാര്യങ്ങൾ കേന്ദ്ര നേതൃത്വമാണ്‌ തീരുമാനിക്കുകയെന്ന ഉമ്മൻചാണ്ടിയുടെ നിലപാടും ചെന്നിത്തലയ്‌ക്കെതിരായ ഒളിയമ്പാണ്‌. Read on deshabhimani.com

Related News