മിസോറമിന്റെ സ്വന്തം മിനി



എടക്കര മിസോറമിലെ ഗോത്ര ഗ്രാമങ്ങളെ ഉയർത്താനുള്ള പരിശ്രമത്തിലാണ്‌ മിനി അനിൽകുമാർ. ദുർഘടപാതകൾ, മഴ കനത്താൽ മരം വീണ്‌ തടസ്സപ്പെടുന്ന വഴികൾ. അതൊന്നും ഈ ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശിനിക്ക്‌ തടസ്സങ്ങളേയല്ല, മിസോറം ജനതയ്‌ക്ക്‌ മികച്ച ജീവിതസൗകര്യം ഒരുക്കാനുള്ള പ്രയത്‌നത്തിലാണ്‌. ഒന്നര വർഷമായി അവിടെ കുടുംബശ്രീ മെന്ററായി പ്രവർത്തിക്കുകയാണ്‌ മിനി. കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ പ്രൊജക്ടിന്റെ ഭാഗമായാണ് മിസോറമിൽ എത്തിയത്. കേരളത്തിലെ കുടുംബശ്രീ രംഗത്തെ പ്രവർത്തനപരിചയമാണ് കരുത്ത്. കേന്ദ്ര–-സംസ്ഥാന സർക്കാർ പദ്ധതികളെക്കുറിച്ച്‌ ക്ലാസ് നൽകുക, അവ ലഭിക്കാൻ വകുപ്പുകളെ സമീപിക്കുക, പുതിയ കേഡർമാരെ പരിശീലിപ്പിക്കുക, നൂതന ആശയങ്ങൾ കണ്ടെത്തി അവതരിപ്പിക്കുക, ലഹരിക്കെതിരെ ബോധവൽക്കരണം എന്നിവ നടപ്പാക്കുന്നു. ആരോഗ്യ ക്യാമ്പ്‌, അങ്കണവാടി വഴി ഗർഭിണികൾക്കും കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമുണ്ട്. കുടുംബശ്രീയിൽ 1998മുതൽ അംഗമാണ്‌. 2007മുതൽ 2011വരെ ചുങ്കത്തറ സിഡിഎസ് ചെയർപേഴ്സൺ. 2013മുതൽ കുടുംബശ്രീ ട്രെയിനർ. 2015മുതൽ 2020വരെ ചുങ്കത്തറ പഞ്ചായത്ത് അംഗം, ആരോഗ്യ–-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ, കില ഫാക്കൽറ്റി എന്നീ നിലകളിലും പ്രവർത്തിച്ചു. സിപിഐ എം പള്ളിക്കുത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ‘‘മിസോറാമിൽ പഞ്ചായത്തിന് പകരം വില്ലേജ് കൗൺസിലുകളാണ്. സംസ്ഥാനത്തിന്‌ ഫണ്ടില്ലാത്തതിനാൽ വികസന പ്രവർത്തനം വളരെ മോശമാണ്. ഗ്രാമീണ ദാരിദ്ര്യ നിർമാർജന പദ്ധതി തയ്യാറാക്കി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തണം. ഗ്രാമസഭ പങ്കാളിത്തം ഉറപ്പാക്കണം–- മിനി പറഞ്ഞു. ലക്ഷ്യം സ്ത്രീകൾക്കിടയിൽ പങ്കാളിത്തഭരണം ശക്തിപ്പെടുത്തുക, ഗ്രാമീണ ഉപജീവനമാർഗം മെച്ചപ്പെടുത്തി അവരെ നവീകരിക്കുക, പ്രാദേശിക വിഭവങ്ങൾ സൃഷ്ടിക്കുക Read on deshabhimani.com

Related News