കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിക്ക് സമഗ്ര ഭരണാനുമതി ;ഗിഫ്‌റ്റ്‌ സിറ്റി പദ്ധതിക്ക്‌ വേഗം കൂടും



കൊച്ചി കൊച്ചി-–-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി ലഭ്യമായതോടെ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള തുടർനടപടികൾ ഇനി കൂടുതൽ വേഗത്തിലാകും. പദ്ധതിക്കായി 2185 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി അനുവദിച്ച വായ്പയുടെ തിരിച്ചടവിനാണ് തുക ചെലവഴിക്കുക. ഇതിൽ 850 കോടി രൂപ അയ്യമ്പുഴയിൽ ഗിഫ്റ്റ് സിറ്റിയുടെ ഭൂമി ഏറ്റെടുക്കുന്നതിനാണ് വിനിയോഗിക്കുക. കിൻഫ്രയാണ് ഭൂമി ഏറ്റെടുക്കുന്നതിന്റെ നോഡൽ ഏജൻസി. സ്ഥലമേറ്റെടുക്കലിന്‌ പണം തടസ്സമല്ലാതായതോടെ പദ്ധതിയുടെ അടുത്തഘട്ടത്തിന്‌ വേഗമേറും. സംസ്ഥാനത്ത്‌ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-–-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82 ശതമാനം സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തുകഴിഞ്ഞു. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനംവീതം പങ്കാളിത്തമുള്ള കമ്പനിയാണ് വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിയാണ് അയ്യമ്പുഴയിൽ വരുന്നത്. 160 കിലോമീറ്റർ ദൈർഘ്യമുള്ള വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികളും ആരംഭിച്ചു.  ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് ഏകജാലകസംവിധാനത്തിലൂടെ അനുമതി നൽകും. ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നി പരിസ്ഥിതിസൗഹൃദ വ്യവസായങ്ങളിലൂടെ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇടനാഴി യാഥാർഥ്യമാകുമ്പോൾ 10,000 കോടി രൂപയുടെ നിക്ഷേപവും 10,000 തൊഴിലവസരങ്ങളും ഉണ്ടാകും. ഭക്ഷ്യസംസ്‌കരണം, ലൈറ്റ് എൻജിനിയറിങ്‌, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ–--മാലിന്യങ്ങളുടെയും മറ്റു ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്‌സ്, ഐടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കുകയാണ്‌ ഇടനാഴിയുടെ ലക്ഷ്യം. Read on deshabhimani.com

Related News