ജ്യോതിരാജ്‌ വധശ്രമക്കേസ്‌ : 4 ആർഎസ്‌എസുകാർക്ക്‌ കഠിനതടവ്‌



തലശേരി സിപിഐ എം പ്രവർത്തകൻ പാനൂരിനടുത്ത വിളക്കോട്ടൂരിലെ കല്ലിങ്ങേന്റവിട ജ്യോതിരാജി (39)നെ വധിക്കാൻ ശ്രമിച്ച കേസിൽ നാല്‌ ആർഎസ്‌എസ്സുകാർക്ക്‌ കഠിനതടവും എട്ട്‌ ലക്ഷം രൂപ വീതം പിഴയും. ഒന്നാം പ്രതി തൃപ്പങ്ങോട്ടൂർ വിളക്കോട്ടൂരിലെ കുനിയിൽ രാജീവ (42)നെ ആറു വർഷവും രണ്ടു മുതൽ നാലുവരെ പ്രതികളായ സെൻട്രൽ പൊയിലൂർ പുളിയാത്തോട്‌ കുണ്ടക്കൂൽചാലിൽ രമേശൻ (44), വിളക്കോട്ടൂരിലെ വട്ടപ്പൊയിലുമ്മൽ രാജേഷ്‌ (42), സെൻട്രൽ പൊയിലൂരിലെ വടക്കയിൽ ഹൗസിൽ വി പ്രമോദ്‌ (42) എന്നിവരെ എട്ടു വർഷവും കഠിനതടവിനാണ്‌ പ്രിൻസിപ്പൽ അസി. സെഷൻസ്‌ ജഡ്‌ജി കെ ബി വീണ ശിക്ഷിച്ചത്‌. നാല്‌ പ്രതികളും ചേർന്ന്‌ 32 ലക്ഷം രൂപ പിഴയടയ്‌ക്കണം. അടച്ചാൽ 20 ലക്ഷം രൂപ ജ്യോതിരാജിന്‌ നഷ്‌ടപരിഹാരമായി നൽകണം. പിഴയടച്ചില്ലെങ്കിൽ ഒന്നരവർഷംകൂടി തടവ്‌ അനുഭവിക്കണം. ഭവനഭേദനം, വധശ്രമം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഒന്നാംപ്രതി മൂന്നും മറ്റുള്ളവർ അഞ്ച്‌ വർഷവും തടവ്‌ അനുഭവിക്കണം. വിളക്കോട്ടൂരിൽ 2008 മാർച്ച്‌ ആറിന്‌ രാത്രിയാണ്‌ വധശ്രമമുണ്ടായത്‌. വിളക്കോട്ടൂർ എൽപി സ്‌കൂളിനടുത്ത കുഞ്ഞിപ്പറമ്പത്ത്‌ പ്രദീപന്റെ വീട്ടിൽനിന്ന്‌ ടിവി കണ്ട്‌ മടങ്ങുമ്പോഴാണ്‌ പിന്തുടർന്ന്‌ ജ്യോതിരാജിനെ ആക്രമിച്ചത്‌. രക്ഷപ്പെടാൻ സമീപത്തെ കൃഷ്‌ണന്റെ വീട്ടിൽ കയറിയെങ്കിലും അതിക്രമിച്ചുകയറി വെട്ടി. പ്രാണരക്ഷാർഥം പുറത്തേക്കോടിയ ജ്യോതിരാജിനെ കൊടുവാളും മറ്റുമുപയോഗിച്ച്‌ ശരീരമാകെ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച്‌ രക്ഷപ്പെടുകയുംചെയ്‌തുവെന്നാണ്‌ കേസ്‌. Read on deshabhimani.com

Related News