യുഡിഎഫും ബിജെപിയും ഒന്നിച്ചു , ഉപാധ്യക്ഷയ്ക്കെതിരെയുള്ള അവിശ്വാസം തള്ളി



കളമശേരി കളമശേരി നഗരസഭയിൽ പ്രതിപക്ഷം വൈസ് ചെയർപേഴ്സണെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽനിന്ന് യുഡിഎഫും ബിജെപിയും വിട്ടുനിന്നു. ഇതോടെ പ്രമേയം ചർച്ചയ്‌ക്കെടുക്കാതെ തള്ളി. കഴിഞ്ഞദിവസം ബിജെപി അംഗം ചർച്ചയിൽ പങ്കെടുക്കുകയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്ത് അധ്യക്ഷനെതിരെയുള്ള അവിശ്വാസപ്രമേയം പരാജയപ്പെടുത്തിയിരുന്നു. മുസ്ലിംലീഗിലെ സൽമ അബൂബക്കറാണ് വൈസ് ചെയർപേഴ്സൺ. ചൊവ്വ പകൽ 11ന് നടത്താനിരുന്ന പ്രമേയ ചർച്ചയിൽനിന്നാണ് യുഡിഎഫ് അംഗങ്ങളുമായിചേർന്ന് ബിജെപി അംഗം വിട്ടുനിന്നത്. 42 അംഗ സഭയിൽ 21 പേരാണ് പ്രതിപക്ഷത്തുള്ളത്. അവിശ്വാസപ്രമേയ ചർച്ചക്ക് 22 അംഗങ്ങളെങ്കിലും സഭയിൽ ഹാജരാകണം. ഇതാണ് അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കാതെ തള്ളാൻ കാരണം. കങ്ങരപ്പടിയിൽനിന്ന് യുഡിഎഫ് റിബലായി ജയിച്ച് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനായ കെ എച്ച് സുബൈറിന്റെകൂടി പിന്തുണയോടെയാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. Read on deshabhimani.com

Related News