കൊച്ചാലിലെ ടവർനിർമാണം 
നിർത്തിവയ്‌ക്കാൻ ഹൈക്കോടതി ഉത്തരവ്



വരാപ്പുഴ കൊച്ചാലിൽ ദേശീയപാത 66നായി കുടിയൊഴിപ്പിച്ച പ്രദേശത്ത് ഉണ്ടായിരുന്ന മൊബൈൽ ടവർ ജനവാസമേഖലയിലേക്ക് മാറ്റാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. പ്രദേശവാസികൾ നൽകിയ പരാതിയിലാണ് മൊബൈൽ ടവർ നിർമാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ജഡ്ജി വി ജി അരുൺ ഉത്തരവിട്ടത്. കൊച്ചാലിൽ സെന്റ് ആന്റണീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുമുകളിൽ രണ്ട് പതിറ്റാണ്ടുമുമ്പാണ് സ്വകാര്യ കമ്പനി ടവർ സ്ഥാപിച്ചത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കെട്ടിടം പൊളിച്ചുമാറ്റേണ്ടി വന്നതോടെ ടവർ മറ്റൊരിടത്തേക്ക് മാറ്റി. സമീപവാസികളുടെ അനുമതി വാങ്ങാതെ ടവറിന്റെ തറ നിർമിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ ടവർ സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലത്തുനിന്ന്‌ 20 മീറ്റർ ദൂരത്തിൽ വീടുണ്ട്. ഇതിന് തൊട്ടടുത്തായി ട്യൂഷൻ സെന്ററുമുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ടവർനിർമാണം പുനരാരംഭിച്ചാൽ നിർമാണ കമ്പനിയായ  ഇന്ദൂസ് ടവർ ലിമിറ്റഡിനെതിരെ സമരപരിപാടി ആരംഭിക്കുമെന്ന് പ്രദേശവാസികളായ പീറ്റർ സേവ്യർ, എം കെ പുരുഷൻ, പി ഡി ജോബി, ജോയ് കോട്ടക്കൽ എന്നിവർ പറഞ്ഞു. Read on deshabhimani.com

Related News